photo
പുത്തൂർ കൈതക്കോട്ടെ പേരാൽ മരവും ചുമടുതാങ്ങിയും

കൊല്ലം: കാലത്തെയും പിന്നിലാക്കുന്ന തലയെടുപ്പാണ് കൈതക്കോട്ടെ ആൽമര മുത്തശ്ശന്. പുത്തൂർ പൊരീയ്ക്കൽ- കല്ലട റോഡരികിലായിട്ടാണ് നൂറ്റാണ്ടുകളുടെ കഥപറയാനുള്ള പേരാൽ മരമുള്ളത്. ഇതിന് എത്ര വയസുണ്ടെന്ന് ആർക്കുമറിയില്ല. ഒരുകാലത്ത് പടർന്ന് പന്തലിച്ച് ദേശം മുഴുക്കെ തണൽ നൽകിയിരുന്ന ആൽമരം ഇപ്പോൾ ശിഖരങ്ങൾ കുറഞ്ഞ് ചുറ്റുവട്ടത്ത് മാത്രമൊതുങ്ങുകയാണ്. ആലുംമൂട് എന്നാണ് ഈ പ്രദേശത്തിനും പേര് ലഭിച്ചത്. ഇതുവഴി കടന്നുപോകുന്നവർ ഇപ്പോഴും ആൽമരത്തെ വിസ്മയത്തോടെ നോക്കാറുണ്ട്. കാലത്തിന്റെ പാച്ചിലിലും വേരറുക്കാതെ പിടിച്ചുനിന്ന ആൽമരം നാടിന് ഇപ്പോൾ പേരാൽമുത്തശ്ശനാണ്. പുതു തലമുറയ്ക്ക് കൗതുകമായി കാലം ചുമടിറക്കി വിശ്രമിച്ച ചുമടുതാങ്ങിയും ആൽമരത്തിന് കീഴിലായുണ്ട്. രാജഭരണകാലത്ത് സ്ഥാപിച്ചതാണ് ചുമടുതാങ്ങിയെന്നാണ് പറയപ്പെടുന്നത്. ഇതിന്റെ കാലപ്പഴക്കവും നിശ്ചയമില്ല. ദൂര ദേശങ്ങളിൽ നിന്ന് തലച്ചുമടുമേന്തി വരുന്നവർ ചുമടു താങ്ങിയിലേക്ക് ഭാരമിറക്കി വച്ചിട്ട് പേരാൽത്തണലിൽ വിശ്രമിച്ചിരുന്നു. തടി മുറ്റി മുരടിച്ച കാഞ്ഞിരമരവും ഇവിടെയുണ്ടായിരുന്നു. കാഞ്ഞിരോട്ട് കായലിൽ നിന്ന് പെടയ്ക്കുന്ന മത്സ്യത്തെ പിടിച്ച് വില്പനയ്ക്ക് എത്തിച്ചിരുന്ന കച്ചവടക്കാരുടെ വിശ്രമ കേന്ദ്രവുമായിരുന്നു ഇവിടം. എപ്പോഴും ആളനക്കമുണ്ടായിരുന്ന ആൽമരച്ചുവട് ഇപ്പോൾ വിജനമാണ്. ചുമടുതാങ്ങി തീർത്തും നോക്കുകുത്തിയായി മാറി.