ഓച്ചിറ: വയനകം അറുപത്തിരണ്ടാം നമ്പർ അങ്കണവാടിക്ക് സ്ഥലം നൽകിയവരെ അനുമോദിച്ചു. വയനകം ധർമ്മാലയത്തിൽ സോമന്റെ സ്മരണാർത്ഥം ഭാര്യ രുക്മിണിയും മകൾ സന്ധ്യാബാബുരാജും ചേർന്നാണ് അഞ്ചു സെന്റ് സ്ഥലം കൈമാറിയത്. സി.ആർ. മഹേഷ് എം.എൽ.എ ഇവരെ ആദരിച്ചു. ആധുനികകാലത്തും മനുഷ്യത്വത്തിന് മങ്ങലേറ്റിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ കുടുംബത്തിന്റെ പ്രവർത്തിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വസ്തുവിന്റെ ആധാരം പഞ്ചായത്ത് പ്രസിഡന്റ് ബി.ശ്രീദേവി ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്തംഗം മിനി പൊന്നൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീതാകുമാരി, പഞ്ചായത്ത് അംഗങ്ങളായ എ.അജ്മൽ, സന്തോഷ് ആനേത്ത്, മാളു സതീഷ്, അഭിലാഷ് കുമാർ പൊതുപ്രവർത്തകരായ സിറാജുദ്ദീൻ, ബി.എസ് വിനോദ്, ബാബു അമ്പാടി, ജഗന്നാഥൻ, മോഹനൻ തുടങ്ങിയവർ സംസാരിച്ചു.