 
കരുനാഗപ്പള്ളി : നിരോധിക്കപ്പെട്ട മാരക മയക്കുമരുന്നായ എം.ഡി.എം. എയുമായി യുവാവ് പിടിയിൽ. 52.6 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. ജില്ലയിൽ ആദ്യമായിട്ടാണ് ഇത്രയും അളവിൽ എം.ഡി.എം.എ യുമായി ഒരാൾ അറസ്റ്റിലാകുന്നതെന്ന് പൊലീസ് പറഞ്ഞു. ജില്ലയിലെ പെൺകുട്ടികൾക്കടക്കമുള്ള കോളേജ് വിദ്യാർത്ഥികൾക്ക് ചെറുകിട കച്ചവടക്കാർ മുഖേന ലഹരി വിൽപ്പന നടത്തി വന്നിരുന്ന കുണ്ടറ ഇളമ്പള്ളൂർ പൂനുകുന്നൂർ അജിത് ഭവനത്തിൽ അജിത്താണ് (26) പിടിയിലായത്.
കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി എ.സി.പി പ്രദീപ് കുമാറിന്റെ നിർദ്ദേശാനുസരണം കരുനാഗപ്പള്ളി ഇൻസ്പെക്ടർ എസ്.എച്ച്.ഒ ഗോപകുമാർ, എസ്.ഐ മാരായ അലോഷ്യസ് അലക്സാണ്ടർ, ആർ.ശ്രീകുമാർ , ജിമ്മിജോസ്, ശരത്ചന്ദ്രൻ, എ.എസ്.ഐമാരായ നന്ദകുമാർ, ഷാജിമോൻ എന്നിവർ അടങ്ങിയ സംഘം കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എറണാകുളത്തുള്ള സുഹൃത്ത് മുഖേന ബാഗ്ലൂരിൽ നിന്ന് എം.ഡി.എം.എ വാങ്ങി തീവണ്ടിയിൽ കായംകുളത്ത് ഇറങ്ങിയശേഷം കരുനാഗപ്പള്ളിയിലെ ഇനിലക്കാരന് നൽകാൻ എത്തിയപ്പോഴാണ് പ്രതി പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
പ്രതിയെ റിമാൻഡ് ചെയ്തു.