
ശാസ്താംകോട്ട: 12 വയസുകാരി വീടിന് സമീപം ഷോക്കേറ്റ് മരിച്ചു. മൈനാഗപ്പള്ളി ഇടവനശേരി മുകളുംപുറത്ത് മനോജിന്റെയും ശ്രീലതയുടെയും മകൾ മഞ്ജരി.എസ്.മനോജാണ് (12) മരിച്ചത്.
ശനിയാഴ്ച വൈകിട്ട് 4.30 ഓടെയാണ് സംഭവം. തൊട്ടടുത്തുള്ള വീട്ടിൽ പോയി മടങ്ങിയെത്തിയ കുട്ടി വീട്ടിലെ എർത്ത് വയറിൽ പിടിക്കുകയും ഷോക്ക് ഏൽക്കുകയുമായിരുന്നു. അപകടം തിരിച്ചറിഞ്ഞ് സമീപവാസികളെത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ അടുക്കള ഭാഗത്ത് നിന്നുള്ള സ്വിച്ചിൽ നിന്ന് എർത്ത് വയറിലേക്ക് വൈദ്യുതി പ്രവഹിക്കുന്നതായി കണ്ടെത്തി. മൃതദ്ദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും. കുമരംചിറ യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് മഞ്ജരി. സഹോദരി: മാളവിക.എസ്.മനോജ്. ശാസ്താംകോട്ട ഡിവൈ.എസ്.പി രാജ് കുമാർ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നു.