emi

കൊല്ലം: കൊല്ലം പോർട്ടിൽ എമിഗ്രേഷൻ ചെക്ക് പോയിന്റ് അനുവദിക്കുന്നതിന് മുന്നോടിയായി ഫോറിൻ റീജിണൽ രജിസ്ട്രേഷൻ ഓഫീസിൽ (എഫ്.ആർ.ആർ.ഒ) നിന്നുള്ള സംഘം സുരക്ഷ സംബന്ധിച്ച് ഉടൻ പരിശോധന നടത്തും.

പോർട്ടിലെ സുരക്ഷ ക്രമീകരണങ്ങളും അനുബന്ധ സൗകര്യങ്ങളും സംബന്ധിച്ചാകും പരിശോധന. പോർട്ടിൽ കപ്പലിലെത്തുന്നതും പുറപ്പെടാൻ എത്തുന്നതുമായ യാത്രക്കാർക്കും കപ്പൽ ജീവനക്കാർക്കും സുരക്ഷാ പരിശോധനകളെ മറിക്കടക്കാനുള്ള പഴുതുകളുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.

പരിശോധനകൾ മറികടക്കാതിരിക്കാൻ പ്രത്യേക സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയറുമുണ്ട്. ഇതുപ്രകാരം കപ്പലിലെത്തുന്ന യാത്രക്കാർ വാർഫിലിറങ്ങിയാൽ മറ്റ് ഭാഗങ്ങളിലേക്ക് കടന്നുപോകാൻ കഴിയാത്ത വിധം ബാരിക്കേഡുകളിലൂടെ വിവിധ പരിശോധനകൾക്ക് വിധേയമാകണം. ആദ്യം ആരോഗ്യം തുടർന്ന് എമിഗ്രേഷൻ, കസ്റ്റംസ് എന്നിങ്ങനെയാണ് പരിശോധന. തുടർന്ന് ബാഗേജുകൾ കൈപ്പറ്റി പോർട്ടിന് പുറത്തേക്ക് പോകാം. പുറപ്പെടാൻ എത്തുന്ന യാത്രക്കാർ ആദ്യം സുരക്ഷാ പരിശോധനയ്ക്ക് വിധേയരാകണം.


എഫ്.ആർ.ആർ.ഒ സുരക്ഷ ഉറപ്പാക്കും

1. സൗകര്യങ്ങൾ സജ്ജമാണെന്ന് ഉറപ്പാക്കുക എഫ്.ആർ.ആർ.ഒ സംഘം

2. റിപ്പോർട്ട് ബ്യൂറോ ഒഫ് എമിഗ്രേഷന് കൈമാറും

3. ഇവിടെ നിന്ന് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിനും

4. ആഭ്യന്തര മന്ത്രാലയമാണ് എമിഗ്രേഷൻ പോയിന്റ് അനുവദിക്കേണ്ടത്

5. ആവശ്യമെങ്കിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും പരിശോധനയുണ്ടാകും

പോർട്ടിൽ സജ്ജമാക്കിയത്

 നാല് എമിഗ്രേഷൻ കൗണ്ടറുകൾ

 കമ്പ്യൂട്ടർ റൂം

 ടോയ്ലെറ്റ്

 ഇൻചാർജ് എമിഗ്രേഷൻ ഓഫീസ്

 ട്രെയിനിംഗ്, മീറ്റിംഗ് എന്നിവയ്ക്കുള്ള മൾട്ടി പർപ്പസ് റൂം

 റെക്കോർഡ് റൂം

 യു.പി.എസ് റൂം

 തടസമില്ലാതെ വൈദ്യുതി

 സെർവർ റൂം

സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ പ്രകാരമുള്ള സൗകര്യങ്ങൾ സജ്ജമാണെന്ന് എഫ്.ആർ.ആർ.ഒ സംഘം റിപ്പോർട്ട് നൽകിയാൽ ഏറെ വൈകാതെ എമിഗ്രേഷൻ പോയിന്റ് അനുവദിക്കുമെന്നാണ് പ്രതീക്ഷ.

കൊല്ലം പോർട്ട് അധികൃതർ