കൊല്ലം: വൃക്ഷത്തൈകൾ നട്ടും പ്രകൃതിസംരക്ഷണത്തെക്കുറിച്ച് ചർച്ചകളും സംവാദങ്ങളും സംഘടിപ്പിച്ചും നാടെങ്ങും പരിസ്ഥിതി ദിനം ആഘോഷിച്ചു. സംസ്ഥാനത്തെ പ്രകൃതിദുരന്തങ്ങളിൽ നിന്ന് മോചിപ്പിക്കുന്നതിനും ഹരിതഭംഗി വർദ്ധിപ്പിക്കുന്നതിനും പ്രകൃതിസംരക്ഷണത്തിനുള്ള പ്രാധാന്യം ഉൾക്കൊണ്ട് കാര്യക്ഷമമായ പ്രവർത്തങ്ങൾ തുടരണമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തിന്റെയും 'വൃക്ഷ സമൃദ്ധി' പദ്ധതിയുടെയും ജില്ലാതല ഉദ്ഘാടനം മൈലം എം.ജി.എം റെസിഡൻഷ്യൽ പബ്ലിക് സ്‌കൂളിൽ വൃക്ഷത്തൈ നട്ട് നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വൃക്ഷത്തൈ വിതരണം മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു.ജി. നാഥിന് നൽകി മന്ത്രി നിർവഹിച്ചു. ജില്ലാ കളക്ടർ അഫ്‌സാന പർവീൺ സന്ദേശം നൽകി. മൈലം ജംഗ്ഷൻ മുതൽ എം.ജി.എം റെസിഡൻഷ്യൽ പബ്ലിക് സ്‌കൂൾ വരെ റാലിയും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ അദ്ധ്യക്ഷനായി.