 
കൊട്ടാരക്കര: കൊട്ടാരക്കര ടൗണിൽ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ മന്ത്രി കെ.എൻ.ബാലഗോപാലിന്റെ സാന്നിദ്ധ്യത്തിൽ യോഗം ചേർന്നു. നഗരസഭ ചെയർമാൻ എ.ഷാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർപേഴ്സൺ അനിത ഗോപകുമാർ, എസ്.ആർ.രമേശ്, ഫൈസൽ ബഷീർ, കെ.ഉണ്ണിക്കൃഷ്ണ മേനോൻ, ജി.സുഷമ, എ.സുജ, സി.ഐ ജോസഫ് ലിയോൺ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
തീരുമാനങ്ങൾ
പട്ടണത്തിൽ വാഹന പാർക്കിംഗിന് സ്ഥലം കണ്ടെത്തും,
ടോക്കൺ സംവിധാനത്തിൽ പേ ആൻഡ് പാർക്ക് സംവിധാനം ഏർപ്പെടുത്തും.
കൂടുതൽ ട്രാഫിക് വാർഡൻമാരെ നിയമിക്കും.
കുടുംബശ്രീ പ്രവർത്തകർക്ക് പരിശീലനം നൽകി വാർഡൻമാരാക്കും.
വ്യാപാരി വ്യവസായികളുടെ യോഗം ഇന്ന് വിളിച്ച് ചേർക്കും.
റോഡിന്റെ ഒരു വശത്ത് പാർക്കിംഗ്, നോ പാർക്കിംഗ് ഏരിയ തിരിക്കും
ഓട്ടോ സ്റ്റാൻഡ് റോഡിന്റെ ഒരു വശത്ത് മാത്രമായി നിജപ്പെടുത്തും
റോഡിന്റെ ശോചനീയാവസ്ഥകൾ പരിഹരിക്കും
ഗോവിന്ദമംഗലം റോഡിന്റെ ദുരിതാവസ്ഥകൾ അടിയന്തരമായി പരിഹരിക്കും
പൊലീസിനെ പട്ടണത്തിൽ കൂടുതൽ സമയം വിന്യസിക്കും
ബസ് സ്റ്റാൻഡ് നിർമ്മാണം ഉടൻ
കൊട്ടാരക്കര സ്വകാര്യ ബസ് സ്റ്റാൻഡ് അത്യാധുനിക സംവിധാനങ്ങളോടെ നവീകരിക്കുന്നതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും. ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. ഹൈടെക് ബസ് സ്റ്റാൻഡ് വരുന്നതോടെ ഗതാഗത പ്രശ്നത്തിനും ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.