
കൊല്ലം: സി.ഐ.ടി.യുവിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ പരിസ്ഥിതി ദിനം ആചരിച്ചു. ജില്ലാതല ഉദ്ഘാടനം സി.ഐ.ടി.യു ഓഫീസ് വളപ്പിൽ സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ നന്ദന വൃക്ഷത്തൈ നട്ട് നിർവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. മുരളി മടന്തകോട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലയിൽ രണ്ടുലക്ഷം കശുഅണ്ടി തൈകൾ തൊഴിലാളികൾക്ക് വീട്ടുവളപ്പിൽ വച്ചുപിടിപ്പിക്കാൻ വിതരണം ചെയ്യും. ഉൾനാടൻ മത്സ്യത്തൊഴിലാളികളും കക്കാവാരൽ തൊഴിലാളികളും അഷ്ടമുടി അടക്കം ജില്ലയിലെ വിവിധ കായലുകൾ ശുദ്ധീകരിക്കും. ശുചിത്വസാഗരം സുന്ദരതീരം പരിപാടിയിലും തൊഴിലാളികൾ സജീവമായി പങ്കെടുക്കണമെന്ന് സി.ഐ.ടി.യു സെക്രട്ടറി എസ്.ജയമോഹൻ അഭ്യർത്ഥിച്ചു.