 
പാരിപ്പള്ളി: പാരിപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച രാത്രി മോഷണ പരമ്പര. രണ്ടിടത്തു നിന്ന് ചന്ദന മരങ്ങളും ക്ഷേത്രത്തിലെയും പലചരക്ക് കടയിലെയും പണവുമാണ് അപഹരിക്കപ്പെട്ടത്.
കല്ലുവാതുക്കൽ റോഡ് വിള വീട്ടിൽ മഹേന്ദ്രന്റെ വീട്ടുവളപ്പിൽ നിന്ന് 25 വർഷവും പാറയിൽ പുറമ്പോക്കിൽ താമസിക്കുന്ന വിമൽ മന്ദിരത്തിൽ മുരളീധരന്റെ വീട്ടുവളപ്പിലെ 20 വർഷവും പഴക്കമുള്ള ചന്ദനമരങ്ങളാണ് മോഷ്ടാക്കൾ ഒറ്റ രാത്രി കൊണ്ട് കടത്തിയത്. മുള്ളുകാട്ടിൽ നാഗരാജ ക്ഷേത്രത്തിലെ ഒാഫീസ് കുത്തിപ്പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ അലമാരയും മേശയും തകർത്ത് 18,000 രൂപ അപഹരിച്ചു. രാവിലെ പൂജാരി എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. പുതിയപാലത്ത് വിജയകുമാറിന്റെ പലചരക്ക് കടയുടെ ഷട്ടർ പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ 4,000 രൂപയും പത്ത് പാക്കറ്റ് സിഗററ്റും അപഹരിച്ചു.