ഓയൂർ : ചെറിയ വെളിനല്ലൂർ ആയിരവല്ലി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ആയിരവല്ലി പാറ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്

ആയിരവല്ലിപ്പാറ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാം.കെ ‌ഡാനിയൽ ഉദ്ഘാടനം ചെയ്തു. ആയിരവല്ലി ക്ഷേത്രം പ്രസിഡന്റ് ജി.അനിൽകിമാർ അദ്ധ്യക്ഷനായി. ജില്ലാ കളക്ടർ നല്കിയ എൻ.ഒ.സി പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിർമ്മിച്ച സമര പന്തൽ ഉദ്ഘാടനം ഇളമാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബ് നിർവഹിച്ചു. ജില്ലാപഞ്ചായത്തംഗം ഷൈൻകുമാർ, ബ്ലോക്ക് പഞ്ചായത്തംഗളായ ജെ.വിക്രമൻ, കരിങ്ങന്നൂർ സുഷമ, ഗ്രാമപഞ്ചായത്തംഗങ്ങളായ മുഹമ്മദ് റഷീദ്, ജോളി ജയിംസ്, ക്ഷേത്രം സെക്രട്ടറി ബൈജു എന്നിവർ സംസാരിച്ചു. നൂറ്റാണ്ടുകളായി ആയിരവല്ലി പാറയും അനുബന്ധമായുള്ള നാഗത്തറയും കാവും ക്ഷേത്രത്തിന്റെ ഭാഗമായി വിശ്വാസികൾ ആരാധിച്ചു വരുന്നു. എല്ലാവർഷവും അമ്പലത്തിൽ നിന്ന് എഴുന്നെള്ളത്ത് പാറയുടെ മുകളിലെ അമ്പലത്തിൽ പോയി തിരിച്ചു വരുന്ന ആചാര ചടങ്ങ് നൂറ്റാണ്ടുകളായി നടക്കുന്നു. .ഇതോടൊപ്പം ഈ പ്രദേശം വിവിധ വന്യജീവികളുടെ ആവാസകേന്ദ്രം കൂടിയാണ്. ചെറിയ വെളിനല്ലൂർ കോമൺ പ്ലോട്ടിൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന് സ്വന്തമായി റേഞ്ച് ഓഫീസും അനുബന്ധ സ്ഥലവും ഉൾപ്പെട്ട പ്രദേശവും ഈ പാറയോട് ചേർന്നുണ്ട്.പാറയോട് ചേർന്ന് തന്നെ ഒരു ക്രിസ്ത്യൻ പള്ളിയും മുസ്ലിം പള്ളിയും സ്ഥിതി ചെയ്യുന്ന ഈ പ്രദേശം സംരക്ഷിക്കാനാവശ്യമായ നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പ്രദേശവാസികൾ ശക്തമായ സമര പിരപാടികളുമായി രംഗത്തെത്തിയത്.