പത്തനാപുരം: മകൾ അമ്മയെ കെട്ടിയിട്ട് മർദ്ദിക്കുന്നത് ചോദ്യം ചെയ്യാനെത്തിയ വനിതാ പഞ്ചായത്ത് അംഗത്തിന് മർദ്ദനമേറ്റു. പത്തനാപുരം ഗ്രാമപഞ്ചായത്തിലെ നടുക്കുന്ന് നോർത്ത് വാർഡംഗം അർഷ മോൾക്കാണ് മർദ്ദനമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നോടെ നെടുംപറമ്പ് പാക്കണംകാലായിലാണ് സംഭവം. പഞ്ചായത്ത് അംഗത്തിന്റെ അയൽവാസി കൂടിയായ പാലപ്പള്ളിൽ വീട്ടിൽ ലീനയാണ് മർദ്ദിച്ചതെന്ന് അർഷാമോൾ പറയുന്നു. ലീന വൃദ്ധയായ മാതാവ് ലീലാമ്മയെ വീട്ടുമുറ്റത്തുള്ള ഇരുമ്പ് തൂണിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. ഇവരുടെ നിലവിളി കേട്ടാണ് പഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ള അയൽവാസികൾ ഇവിടേക്ക് എത്തിയത്. അക്രമം ചോദ്യംചെയ്ത പഞ്ചായത്ത് അംഗത്തെ മുടിയിൽ കുത്തിപ്പിടിച്ച് ഗേറ്റിന് പുറത്തേക്ക് ലീന തള്ളി വീഴ്ത്തുകയായിരുന്നു. നിലത്തുവീണ പഞ്ചായത്ത് അംഗത്തെ മുടിയിൽ നിന്ന് പിടിവിടാതെ ക്രൂരമായി മർദ്ദിച്ചു. ഒടുവിൽ നാട്ടുകാരും പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവും ഉൾപ്പെടെയുള്ളവർ ചേർന്ന് ഇവരെ പിടിച്ചു മാറ്റുകയായിരുന്നുവെന്ന് പത്തനാപുരം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ലീന മിക്ക ദിവസങ്ങളിലും മാതാവിനെ ഉപദ്രവിച്ചിരുന്നതായി പ്രദേശവാസികൾ പറയുന്നു. സംഭവത്തിൽ പത്തനാപുരം പൊലീസിൽ ഉൾപ്പെടെ മുൻപും കേസ് നൽകിയിട്ടുള്ളതാണ്. പൊലീസ് ശരിയായ അന്വഷണം നടത്തിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പഞ്ചായത്ത് അംഗം പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പത്തനാപുരം പൊലീസ് കേസെടുത്തു.