 
കൊല്ലം: കേരളകൗമുദി സ്ഥിരമായി വായിക്കുന്നത് ഗുരുദേവദർശനവും കേരളത്തിന്റെ വികാസ പരിണാമ ചരിത്രവും പ്രത്യേകം പഠിക്കുന്നതിന് തുല്യമാണെന്ന് എസ്.എൻ.ഡി.പി യോഗം കൗൺസിലറും ശ്രീലക്ഷ്മി കാഷ്യൂസ് എം.ഡിയുമായ പി. സുന്ദരൻ പറഞ്ഞു. നീരാവിൽ എസ്.എൻ.ഡി.പി.വൈ എച്ച്.എസ്.എസിൽ 'എന്റെ കൗമുദി' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഗുരുദേവദർശനം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളകൗമുദി പ്രസാധനം ആരംഭിച്ചത്. അന്നു മുതൽ സാമൂഹ്യമാറ്റങ്ങളുടെ ചാലകശക്തിയായി പത്രം മാറി. കേരളകൗമുദിയുടെ താളുകളിൽ ഗുരുദേവ സാന്നിദ്ധ്യമുണ്ട്. ഇന്ന് കാണുന്ന കേരളം രൂപപ്പെട്ടത് നിസാരമായ ഒരു പ്രക്രിയ മാത്രമായിരുന്നില്ല. ഗുരുദേവൻ പിറന്നില്ലായിരുന്നെങ്കിൽ കേരളം ഇന്നത്തേതുപോലെ ആകില്ലായിരുന്നു. പിന്നാക്ക ജനവിഭാഗങ്ങൾ ഇന്നനുഭവിക്കുന്ന സൗഭാഗ്യങ്ങൾ നേടിയെടുക്കുന്നതിൽ കേരളകൗമുദിക്ക് നിർണായക പങ്കുണ്ട്. അത് ഏറെ ദുർഘടമായ ഒരു യാത്രയായിരുന്നു. പിന്നാക്ക ജനവിഭാഗങ്ങൾക്കായി എല്ലാ പ്രതിസന്ധികളെയും കേരളകൗമുദി അതിജീവിച്ചു. ഇപ്പോഴും ആ പോരാട്ടം തുടരുന്നു. കേരളകൗമുദി എഡിറ്റോറിയലുകളെ അധികാര കേന്ദ്രങ്ങൾ എക്കാലവും ഭയത്തോടെയാണ് കാണുന്നത്. കരുത്തുറ്റ എഡിറ്റോറിയലുകളിലൂടെ അധികാരികളുടെ തെറ്റായ നടപടികൾ നിരന്തരം തിരുത്താനും നേർവഴിക്ക് നയിക്കാനും കൗമുദിക്ക് കഴിയുന്നു. നാളെയിലെ മുന്നോട്ട് പോക്കിന് ഇന്നലകളെക്കുറിച്ചുള്ള അറിവ് അനിവാര്യമാണ്. അതുകൊണ്ട് വിദ്യാർത്ഥികൾ ഗുരുദേവനെക്കുറിച്ച് ആഴത്തിൽ പഠിക്കണം. ഒപ്പം കേരളകൗമുദിയുടെ ചരിത്രം മനസിലാക്കണം. മെച്ചപ്പെട്ട തൊഴിൽ ലഭിക്കാൻ പാഠപുസ്തകങ്ങളിലെ അറിവ് മാത്രം പോര. ക്ലാസ് മുറിക്ക് പുറത്തെ പഠനവും പത്രവായനയും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സ്കൂൾ പി.ടി.എ പ്രസിഡന്റ് സുഭാഷ് ചന്ദ്രൻ അദ്ധ്യക്ഷനായി. കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി. എസ്.എൻ ട്രസ്റ്റ് ട്രഷററും എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ പ്രസിഡന്റുമായ ഡോ. ജി.ജയദേവൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി എസ്. അനിൽകുമാർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ. ആർ. സിബില സ്വാഗതവും ഹെഡ്മാസ്റ്റർ എസ്. സന്തോഷ് നന്ദിയും പറഞ്ഞു. പി. സുന്ദരനാണ് സ്കൂളിൽ പത്രം സ്പോൺസർ ചെയ്യുന്നത്.