കൊല്ലം: അഷ്ടമുടിക്കായൽ കേന്ദ്രീകരിച്ചുള്ള സർവീസിനായി ജലഗതാഗത വകുപ്പിന്റെ പുതിയ ഇരുനില ബോട്ടായ 'സീ അഷ്ടമുടി' ആലപ്പുഴയിലെ യാർഡിൽ നിന്നു കൊല്ലത്തെത്തിച്ചു. മുകൾത്തട്ട് റോഡ് മാർഗവും എൻജിൻ ഉൾപ്പെടുന്ന താഴെഭാഗം ജലമാർഗവുമാണ് എത്തിച്ചത്. മാമൂട്ടിൽക്കടവിലുള്ള സ്വകാര്യ യാർഡിൽ ഇവ തമ്മിൽ ബന്ധിപ്പിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.
അഞ്ച് മാസം മുൻപ് നിർമ്മാണം പൂർത്തിയായെങ്കിലും കൊല്ലത്ത് എത്തിക്കാനുള്ള നടപടി ഇഴയുകയായിരുന്നു. അപ്പർ ഡെക്കുകൂടി ഘടിപ്പിക്കുമ്പോൾ ബോട്ടിന് അഞ്ച് മീറ്റർ ഉയരുമുണ്ടാവും. കൊല്ലത്തേക്കുള്ള ജലപാതയിലെ ഒരു പാലത്തിന് നാല് മീറ്റർ ഉയരമേയുള്ളു. അതിനാൽ ഫൈബർ കൊണ്ട് നിർമ്മിച്ച, 20 മീറ്ററോളം നീളമുള്ള അപ്പർഡെക്ക് ലോറിയിൽ കൊണ്ടുവരികയായിരുന്നു. ലോറി മാർഗ്ഗം കൊണ്ടുവരാനുള്ള ടെണ്ടർ നടപടികളാണ് വൈകിയതാണ് കാലതാമസം ഉണ്ടാക്കിയത്. അപ്പർ ഡെക്ക് ഘടിപ്പിക്കൽ ജൂലായ് അവസാനത്തോടെ പൂർത്തിയാകും. സർവീസ് ആരംഭിക്കുന്നതിന് മുൻപായി മാരിടൈം ബോർഡിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടണം. ഇന്ത്യൻ രജിസ്ട്രാർ ഒഫ് ഷിപ്പിംഗിന്റെ പരിശോധനയും പൂർത്തിയാക്കേണ്ടതുണ്ട്. ഇതിനെല്ലാം ശേഷം ഓണത്തിന് മുൻപ് സർവീസ് ആരംഭിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.
നാല് വർഷം മുൻപാണ് സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് ബോട്ടിന്റെ നിർമ്മാണ ചുമതല ഏറ്റെടുത്തത്. കൊവിഡ് കാരണം വിവിധ സ്ഥലങ്ങളിലെ യാർഡുകളിലെത്തിച്ചുള്ള നിർമ്മാണ പ്രവർത്തനം മുടങ്ങി.
# പെയിന്റിംഗുകളും തടിശില്പങ്ങളും
പെയിന്റിംഗുകളും തടിശില്പങ്ങളും കൊണ്ട് മനോഹരമാണ് ബോട്ടിന്റെ ഉൾഭാഗം. രണ്ട് നിലകളിലും ഓരോ ബയോ ടൊയ്ലെറ്റുകളുണ്ട്. അഷ്ടമുടി കായലിന്റെ തീരത്തുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാകും സർവീസ്.
..........................
2 നിലകൾ
90 ഇരിപ്പിടങ്ങൾ
50 എണ്ണം ആദ്യനിലയിൽ (സാധാരണ യാത്രക്കാർക്ക്)
40 എണ്ണം മുകൾ തട്ടിൽ (ടൂറിസ്റ്രുകൾക്ക്)
നിർമ്മാണ ചെലവ് ഒരു കോടി