kmml-
ലോക പരിസ്ഥിതി ദിനം; ഫലവൃക്ഷങ്ങൾ നട്ട് കെ.എം.എം.എൽ

ചവറ: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കമ്പനിക്കുള്ളിൽ ഫലവൃക്ഷങ്ങൾ നട്ട് കെ.എം.എം.എൽ. പരിസ്ഥിതി ദിന സമ്മേളനവും നടത്തി. സംസ്ഥാന ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് സീനിയർ ജോയിന്റ് ഡയറക്ടർ എസ്. മണി പരിസ്ഥിതി ദിന സമ്മേളനത്തിന്റെയും വൃക്ഷത്തൈ നടീലിന്റെയും ഉദ്ഘാടനം നിർവഹിച്ചു. കെ.എം.എം.എൽ മാനേജിംഗ് ഡയറക്ടർ ജെ.ചന്ദ്രബോസ് അദ്ധ്യക്ഷനായി.
ജീവനക്കാർക്കുള്ള വൃക്ഷത്തൈ വിതരണോദ്ഘാടനവും ചടങ്ങിൽ നടന്നു. പരിസ്ഥിതി ദിന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ പൊല്യൂഷൻ കൺട്രോൾ ബോർഡ് എൻവയോൺമെന്റൽ എൻജിനീയർ പി. സിമി, മെറ്റീരിയൽസ് വിഭാഗം തലവലൻ റോബി ഇടിക്കുളക്ക് ആദ്യ തൈ നൽകി വൃക്ഷത്തൈ വിതരണോദ്ഘാടനം നിർവഹിച്ചു.
പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കമ്പനിയുടെ പരിസരത്തെ ശങ്കരമംഗലം ഗവ.ഹൈസ്‌കൂളിൽ വിദ്യാർത്ഥികൾക്ക് നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു. കെ.എം.എം.എൽ എൻവയോൺമെന്റൽ ഡിപ്പാർട്ട്മെന്റ് ഹെഡും പരിസ്ഥിതി ദിനാഘോഷ കമ്മിറ്റി ചെയർമാനുമായ കെ.എസ് .അനിൽകുമാർ സ്വാഗതം പറഞ്ഞു.
ബി.ജി.എം ഗവ.കോളേജ് പ്രിൻസിപ്പൽ പി. അനിത, ശങ്കരമംഗലം ഗവ.ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് ടി.ഡി.ശോഭ, കെ.എം.എം.എൽ ജനറൽ മാനേജർ വി. അജയകൃഷ്ണൻ, ഫാക്ടറി മാനേജറും ടി.പി യൂണിറ്റ് തലവനുമായ പി.കെ. മണിക്കുട്ടൻ, ട്രേഡ് യൂണിയൻ സെക്രട്ടറിമാരായ ആർ. ശ്രീജിത്ത് (ഐ.എൻ.ടി.യുസി), ജെ. മനോജ്‌ മോൻ (യു.ടി.യു.സി) തുടങ്ങിയവർ ആശംസകളറിയിച്ച് സംസാരിച്ചു. എൻവയോൺമെന്റൽ ഡിപ്പാർട്ട്‌മെന്റ് മാനേജർ ആന്റണി എഡ്വേർഡ് നന്ദി പറഞ്ഞു.