nk
എൻ.കെ. പ്രേമചന്ദ്രൻ

കൊല്ലം: പാർവ്വതിമില്ലിന്റെ പുനരുദ്ധാരണത്തിനായി നിരന്തര ഇടപെടലുകൾ നടത്തുന്നുണ്ടെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. ഇതുകൊണ്ടാണ് മില്ലിൽ അവശേഷിക്കുന്ന ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എൻ.ടി.സി യുടെ കഴിലുളള ടെക്സ്റ്റൈൽ മില്ലിലെ തൊഴിലാളകൾക്ക് വി.ആർ.എസ് നൽകി മിൽ അടച്ചു പൂട്ടി ഭൂമിവിറ്റ് ധനം സമാഹരിക്കുകയെന്നതാണ് കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപിത നയം. 125 മില്ലുകൾ ഉണ്ടായിരുന്ന എൻ.ടി.സിയുടെ കീഴിൽ നാമമാത്രമായ മില്ലുകൾ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. പാർവ്വതി മില്ലിന്റെ സ്ഥലത്ത് ടെക്സ്റ്റൈൽ പാർക്ക് ആരംഭിക്കണമെന്നുളള ആവശ്യം കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിൽ നിരവധി തവണ ഉന്നയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി. കേന്ദ്രം വിഭാവനം ചെയ്യുന്ന ടെക്സ്റ്റൈൽ പാർക്കിന് 2000 ഏക്കറോളം ആവശ്യമായതിനാലും പാർവ്വതി മില്ലിന്റെ സ്ഥലം പദ്ധതിക്ക് പര്യാപ്തമല്ലാത്തതിനാലും പാർക്ക് അസാദ്ധ്യമായി. പാർവ്വതി മില്ലിന്റെ സ്ഥലത്ത് ദേശീയ നാനോ ടെക്സ്റ്റൈൽ ടെക്‌നോളജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കാൻ ആവശ്യമായ എല്ലാ സാങ്കേതിക സഹായവും നൽകാൻ ഡി.ആർ.ഡി.ഒ സന്നദ്ധമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് രേഖാമൂലം അറിയിച്ചിട്ടുണ്ട്. മില്ലിന്റെ സ്ഥലം നാടിന്റെ സമഗ്ര വികസനത്തിന് പ്രയോജനപ്പെടുത്തുന്ന തരത്തിൽ വികസന പദ്ധതി കൊണ്ടുവരുന്നതിന് നിരന്തരമായ ശ്രമത്തിലാണെന്നും എം.പി അറിയിച്ചു.