പുനലൂർ: പുനലൂർ-ചെങ്കോട്ട റെയിൽവേ റൂട്ടിലെ പുറമ്പോക്ക് നിവാസികളെ കുടി ഒഴിപ്പിക്കരുത് എന്ന സർക്കാർ നിർദ്ദേശം ലംഘിച്ച് താമസക്കാർക്ക് വീണ്ടും റെയിൽവേ നോട്ടിസ് നൽകിയത് ജനങ്ങളെ ആശങ്കയിലാക്കുന്നു. താമസക്കാർക്ക് നേരിട്ട് നോട്ടിസ് നൽകുന്നതിന് പകരം റെയിൽവേ തപാൽ വഴി രജിസ്ട്രേഡായിട്ടാണ് ഇപ്പോൾ കത്ത് നൽകുന്നത്. നോട്ടീസ് ലഭിച്ച് 7ദിവസത്തിനകം മധുര ഡിവിഷണൽ ഓഫീസിലെത്തി കുടിയൊഴിപ്പിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നും അല്ലാത്ത പക്ഷം ഇനി ഒരു അറിയിപ്പ് നൽകാതെ കുടിയൊഴിപ്പിക്കുമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്.

നിർദ്ദേശങ്ങൾ ലംഘിച്ച്

വനം, റവന്യൂ,,റെയിൽവേ തുടങ്ങിയ വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തിയ ശേഷമെ റെയിൽവേ പുറമ്പോക്കിലെ താമസക്കാർക്ക് നോട്ടീസ് നൽകുന്നതടക്കമുളള നടപടികൾ ആരംഭിക്കാവു എന്ന് റവന്യൂ മന്ത്രി കെ.രാജൻ റെയിൽവേക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ മന്ത്രിയുടെയും ജില്ല കളക്ടറുടെയും നിർദ്ദേശങ്ങൾ പാലിക്കാതെയാണ് റെയിൽവേ വീണ്ടും ഒഴിപ്പിക്കൽ നോട്ടിസുമായി ഇറങ്ങിയിരിക്കുന്നത്. നിലവിൽ ചെങ്കോട്ട റെയിൽവേ സെക്ഷന്റെ പരിധിയിലുള്ള ആര്യങ്കാവ്, ഇടപ്പാളയം പ്രദേങ്ങളിൽ നൂറ്റാണ്ടുകളായി വീട് വച്ച് താമസിച്ച് വരുന്നവർക്കാണ് തപാൽ വഴി നോട്ടീസ് അയച്ചിരിക്കുന്നത്.

റെയിൽവേക്ക് സ്വന്തം പേരിൽ ഭൂമിയില്ല

സംരക്ഷിത വനമെന്ന് റവന്യൂ വകുപ്പിന്റെ രേഖകളിലുളള സ്ഥലത്താണ് പാവങ്ങൾ വീടുകൾ വച്ചും കൃഷി ഇറക്കിയും താമസിച്ച് വരുന്നത്. രാജ ഭരണകാലത്ത് റെയിൽ ട്രാക്ക് സ്ഥാപിക്കാൻ രാജാവ് നൽകിയ ഭൂമിയിലാണ് സർക്കാർ വിലക്ക് ലംഘിച്ച് റെയിൽവേ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. നിലവിൽ റെയിൽവേക്ക് ആര്യങ്കാവ്,ഇടമൺ,തെന്മല വില്ലേജുകളിൽ സ്വന്തം പേരിൽ ഭൂമിയില്ലെന്നാണ് റവന്യൂ രേഖകളിലുള്ളതെന്ന് അധികൃതർ പറഞ്ഞു.റെയിൽവേ ട്രാക്ക് കടന്ന് പോകുന്ന സ്ഥലം സംരക്ഷിത വനമാണെന്ന് വനം വകുപ്പിന്റെ രേഖകളിലുമുള്ളത്.രേഖകളിൽ സ്വന്തമായി ഭൂമിയില്ലാത്ത റെയിൽവേ അനധികൃതമായി താമസക്കാർക്ക് നോട്ടീസ് നൽകി ആശങ്കപ്പെടുത്തുന്ന നടപടികൾ തുടരുന്നതിൽ പ്രതിഷേധം വ്യാപകമാകുകയാണ്. മൂന്ന് ദിവസം മുമ്പാണ് ബാഹുലേയൻ എന്ന കർഷകനെയും സഹായിയെയും റെയിൽവേ പുറമ്പോക്കിൽ കൃഷി ഇറക്കിയെന്ന കാരണത്താൽ ആർ.പി.എഫ് ഉദ്യോഗസ്ഥർ പിടിച്ചുകൊണ്ടു പോയത്.