പടിഞ്ഞാറെകല്ലട : കുന്നത്തൂർ ആർ .ടി ഓഫീസിന്റെ കീഴിൽ ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ ഓപ്പറേഷൻ സുരക്ഷാ കവചത്തിന്റെ ഭാഗമായി സ്കൂൾ കുട്ടികളുമായി സർവിസ് നടത്തുന്ന വാഹനങ്ങളെ കേന്ദ്രീകരിച്ച് താലൂക്കിന്റെ വിവിധ സ്ഥലങ്ങളിൽ ഇന്നലെ നടന്ന പരിശോധനയിൽ 15 ഓളം വാഹനങ്ങൾക്കെതിരെ കേസെടുത്തു. അമിതമായി കുട്ടികളെ കുത്തി നിറച്ച മൂന്ന് വാഹനങ്ങൾക്കെതിരെയും ഫിറ്റ്നെസും ടാക്സും ഇല്ലാത്ത മൂന്ന്‌ വാഹനങ്ങൾക്കെതിരെയും യൂണിഫോം ധരിക്കാത്ത ആറ് ഡ്രൈവർമാർക്കെതിരെയും ഓൺ സ്കൂൾ ഡ്യൂട്ടി ബോർഡ് പ്രദർശിപ്പിക്കാത്ത മൂന്ന് വാഹനങ്ങൾക്കെതിരെയുമാണ് കേസെടുത്തത്. മിക്ക വാഹനങ്ങളിലും കുട്ടികളുടെ പേരു വിവരങ്ങൾ രേഖപ്പെടുത്തിയ രജിസ്റ്ററുകൾ സൂക്ഷിച്ചിട്ടില്ലാത്തതും ശ്രദ്ധയിൽ പെട്ടു. കുന്നത്തൂർ ജോയിന്റ് ആർ .ടി .ഓ ആർ.ശരത്ചന്ദ്രന്റെ നിർദ്ദേശപ്രകാരം മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർ ഷാജഹാൻ, എ .എം.വി.ഐമാരായ പി.ഷിജു , ആയപ്പദാസ്, അനസ്മുഹമ്മദ്, ബിജോയ്, ലിജിൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് ജോയിന്റ് ആർ. ടി.ഒ അറിയിച്ചു.