road
പട്ടകടവ് പേരൂർ മുക്കിലെ റോഡിലെ കുഴിയിൽ നാട്ടുകാർ വാഴനട്ട് പ്രതിഷേധം രേഖപ്പെടുത്തുന്നു.

പടിഞ്ഞാറേകല്ലട: ചവറ, ടൈറ്റാനിയം ,ഭരണിക്കാവ് സംസ്ഥാനപാതയിൽ തോപ്പിൽ മുക്ക് മുതൽ കാരാളിമുക്ക് വരെയുള്ള റോഡിൽ കുഴികൾ രൂപപ്പെട്ട് വെള്ളക്കെട്ടായി. അതോടെ വാഹനാപകടങ്ങൾ പതിവാകുന്നു. ദിനംപ്രതി നിരവധി വാഹനങ്ങളാണ് വെള്ളക്കെട്ടായ കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നത്. വേഗതയിൽ വരുന്ന വാഹനങ്ങൾ പെട്ടെന്ന് കുഴിയിൽ വീണ് നിയന്ത്രണം നഷ്ടപ്പെട്ട് എതിരേ വരുന്ന വാഹനങ്ങളിൽ ഇടിച്ച് അപകടത്തിൽപ്പെടുന്നുണ്ട്. കൂടാതെ വെള്ളക്കെട്ടായ കുഴിയിൽ വാഹനങ്ങൾ വീണ് റോഡിന്റെ വശങ്ങളിലൂടെ നടന്നു പോകുന്ന സ്കൂൾ കുട്ടികൾ അടക്കമുള്ള യാത്രക്കാരുടെ വസ്ത്രങ്ങളിൽ ചെളി വെള്ളം തെറിച്ചു വീഴുകയും യാത്രക്കാരും ഡ്രൈവർമാരും തമ്മിൽ വഴക്കിടുന്നതും നിത്യസംഭവമാണ്.

ഓടയ്ക്ക് മൂടിയില്ല

പട്ടകടവ് കശുഅണ്ടി ഫാക്ടറിയ്ക്ക് സമീപമുള്ള പേരൂർ മുക്കിൽ റോഡിന്റെ വശത്തായുള്ള ഓടയ്ക്ക് മൂടിയില്ലാത്തതതും കാൽനടയാത്രക്കാർ ഉൾപ്പെടെയുള്ളവർ അപകടത്തിൽപ്പെടുന്നതിന് മറ്റൊരു കാരണമാണ്. ദിനംപ്രതി വർദ്ധിച്ചു വരുന്ന വാഹനാപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി റോഡിലെ കുഴികൾ നികത്തി സഞ്ചാരയോഗ്യമാക്കുവാനും ഓടയ്ക്ക് മൂടി നിർമ്മിയ്ക്കുവാനും വേണ്ട നടപടി അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം .

ചവറ ടൈറ്റാനിയം, ഭരണിക്കാവ് റോഡിൽ കാരാളിമുക്ക് മുതൽ തോപ്പിൽ മുക്കു വരെയുള്ള റോഡിലെ കുഴികളെ കുറിച്ചുള്ള പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.എത്രയും വേഗം കുഴികൾ അടയ്ക്കുവാനുള്ള നടപടി സ്വീകരിക്കും.

ഡി .ജോൺ കെന്നത്ത് ,

എക്സി : എൻജിനീയർ , പി.ഡബ്ല്യു. ഡി റോഡ്‌സ്‌ വിഭാഗം കൊല്ലം

സ്ഥല പരിചയമില്ലാത്ത വാഹന യാത്രക്കാരാണ് റോഡിലെ വെള്ളക്കെട്ടായ കുഴിയിൽ വീണ് ഇവിടെ അപകടത്തിൽപ്പെടുന്നത്. മഴയുള്ള രാത്രിയിലാണ് അപകടങ്ങൾ കൂടുതലായി സംഭവിക്കുന്നത്.അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി റോഡിലെ കുഴികൾ അടയ്ക്കുവാനുള്ള നടപടി അധികൃതർ സ്വീകരിക്കണം.

മുഹമ്മദ് കുഞ്ഞ് , വ്യാപാരി, പേരൂർ മുക്ക് ,പട്ടകടവ്