 
കരുനാഗപ്പള്ളി: വേളാങ്കണ്ണി എക്സ് പ്രസിന് കരുനാഗപ്പള്ളിയിൽ സ്റ്റോപ്പ് അനുവദിച്ച റെയിൽവേ അധികൃതരുടെ തീരുമാനം കരുനാഗപ്പള്ളിക്കാർ ആഹ്ളാദത്തോടെയാണ് സ്വീകരിച്ചത്. വേളാംങ്കണ്ണി ട്രെയിന് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കരുനാഗപ്പള്ളി റെയിൽവേ ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ച ജനകീയ സമരമാണ് വിജയം കണ്ടത്. ജന പ്രതിനിധികളും നാട്ടുകാരും ആക്ഷൻ കൗൺസിലും യാത്രക്കാരും സംയുക്തമായി നടത്തിയ സമരമാണ് റെയിൽവേ അധികൃതരുടെ കണ്ണ് തുറപ്പിച്ചത്. കരുനാഗപ്പള്ളി റെയിവേ സ്റ്റേഷനോട് അധികൃതർ കാട്ടുന്ന അനാസ്ഥയും അവഗണനയും മേയ് 31 ന് കേരളകൗമുദി വാർത്തയിലൂടെ തുറന്ന് കാട്ടി.
വരുമാനമുണ്ടായിട്ടും സി പട്ടികയിൽ
കൊല്ലത്തിനും കായംകുളത്തിന് മദ്ധ്യേയുള്ള പ്രധാന സ്റ്റേഷനാണ് കരുനാഗപ്പള്ളി. എക്സ് പ്രസ് ട്രെയിനുകൾ ഉൾപ്പെടെ 25 ജോഡി ട്രെയിനുകൾക്ക് കൊവിഡിന് മുമ്പ് വരെ കരുനാഗപ്പള്ളിയിൽ സ്റ്റോപ്പ് ഉണ്ടായിരുന്നു. കേരളത്തിൽ കൊവിഡ് പിടിമുറുക്കുന്നതിന് മുമ്പ് റെയിൽവേ സ്റ്റേഷന്റെ വരുമാനം 12 കോടി രൂപയോളമായിരുന്നു. എന്നിട്ട് പോലും കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനെ സി പട്ടികയിലാണ് ഇപ്പോഴും ഉൾപ്പെടുത്തിയിരിക്കുന്നത്. ദിവസവും ആറായിരത്തോളം പേരാണ് കരുനാഗപ്പള്ളിയിൽ നിന്നുള്ള യാത്രക്കാർ. ട്രെയിനിൽ ഇവിടെ വന്നിറങ്ങുന്നവരുടെ കണക്കുകൾ ലഭ്യമല്ല. നിരവധി പൊതുമേഖലാ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തീർത്ഥാടന കേന്ദ്രങ്ങളും റെയിൽവേ സ്റ്റേഷന്റെ പരിധിയിലുണ്ട്.
സമരം തീർന്നിട്ടില്ല
കൊവിഡ് കാലയളവിൽ റദ്ദാക്കിയ അമൃത, രാജ്യറാണി എക്സ് പ്രസ് ട്രെയിനുകൾക്കുള്ള സ്റ്റോപ്പ് ഇനിയും അനുവദിച്ചിട്ടില്ല. ഇതിന് വേണ്ടിയുള്ള സമരം നടന്ന് വരികയാണ്. വേള്ളാംങ്കണ്ണി എത്തുന്ന 11 ന് ഉച്ചക്ക് 2 മണിക്ക് ആക്ഷൻ കൗൺസിൽ റെയിൽവേ സ്റ്റേഷനിൽ വമ്പിച്ച സ്വീകരണ പരിപാടികളാണ് നടത്തുന്നത്. വേളാംങ്കണ്ണി എക്സ് പ്രസ്സ് 3.02 ന് സ്റ്റേഷനിൽ എത്തും. എ.എം.ആരിഫ് എം.പി ഫ്ലാഗ് ഒഫ് കർമ്മം നിർവഹിക്കും. സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷനാകും. ആഘോഷ പരിപാടിയിൽ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും നാട്ടുകാരും പങ്കെടുക്കുമെന്ന് റെയിൽവേ ആക്ഷൻ കൗൺസിൽ ചെയർമാൻ നജീബ് മണ്ണേലും കൺവീനർ കെ.കെ.രവിയും പറഞ്ഞു.