കൊല്ലം : കൊല്ലം ഹാർബറിൽ നിന്ന് എട്ട് നോട്ടിക്കൽ മൈൽ അകലെ വച്ച് മത്സ്യബന്ധന വള്ളത്തിൽ ഇടിച്ച ശേഷം ബോട്ട് നിർത്താതെ പോയി. വള്ളം മറിഞ്ഞ് കടലിൽ വീണ അഞ്ച് തൊഴിലാളികൾ സാഹസികമായി രക്ഷപ്പെട്ടു.
ഇന്നലെ പുലർച്ചെയായിരുന്നു അപകടം. മൂതാകരയിൽ നിന്ന് കടലിൽപോയ താങ്ക് യു ജീസസ് എന്ന വള്ളമാണ് ബീമാമോൾ എന്ന ബോട്ടിടിച്ച് മറിഞ്ഞത്. വലയെറിഞ്ഞശേഷം തൊഴിലാളികൾ വള്ളത്തിൽ ഇരിക്കവേയായിരുന്നു അപകടം. തൊഴിലാളികളായ ആന്റണി, അരുൾ ദാസ്, ജന്നിഫർ, ഇസഹാക്ക്, തോമസ് എന്നിവർ കടലിൽവീണു. വീഴ്ചയ്ക്കിടെ വലയിൽ കുരുങ്ങി വെള്ളംകുടിച്ച് അവശനായ ആന്റണിയെ കോസ്റ്റൽ പൊലീസെത്തിയാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മറ്റൊരുവള്ളത്തിലെ തൊഴിലാളികളാണ് അപകടവിവരം കോസ്റ്റൽ പൊലീസിനെ അറിയിച്ചത്. ആന്റണിയെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിട്ടയച്ചു. മറ്റ് തൊഴിലാളികളെ മറ്റു വള്ളങ്ങളിലും കരയ്ക്കെത്തിച്ചു. ബോട്ടിനെക്കുറിച്ച് കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും അന്വേഷണം ആരംഭിച്ചു.