കൊല്ലം: ന്യൂജെൻ മയക്കുമരുന്ന് മാഫിയയിലെ കണ്ണിയായിരുന്ന യുവാവിന്റെ മോട്ടോർ ബൈക്ക് പൊലീസ് കണ്ടുകെട്ടി. കൊല്ലം തൃക്കരുവ വൻമല മാവുന്നേൽ വീട്ടിൽ മാഹീൻ (24) മയക്കുമരുന്ന് വ്യാപാരത്തിലൂടെ സമ്പാദിച്ച ബൈക്കാണ് പിടിച്ചെടുത്തത്.
നിരന്തരം ബംഗളുരു സന്ദർശിക്കുന്ന മാഹീൻ കഴിഞ്ഞ മാസം വീട്ടിലേക്ക് എത്തുന്നതിനിടെ 46.35 ഗ്രാം എം.ഡി.എം.എയും 9.57 ഗ്രാം കഞ്ചാവുമായി പൊലീസിന്റെ പിടിയിലായിരുന്നു. വിപണിയിൽ രണ്ടര ലക്ഷത്തോളം വിലവരുന്ന എം.ഡി.എം.എയാണ് പിടികൂടിയത്. ബംഗളുരുവിൽ നിന്ന് തുച്ഛമായ വിലയ്ക്ക് വാങ്ങി മില്ലി ഗ്രാമിന് 2500 മുതൽ 3000 രൂപ വരെ വാങ്ങി ചെറുകിട കച്ചവടക്കാർക്ക് വിൽക്കുന്നതാണ് മാഹീന്റെ രീതി. പാന്റിന്റെ പോക്കറ്റിൽ ഒളിപ്പിച്ചാണ് എം.ഡി.എം.എ കടത്തിയത്. പ്രതിയുടെ നിരന്തര ബംഗളുരു സന്ദർശനത്തെ സംബന്ധിച്ച് സിറ്റി പൊലീസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മയക്കുമരുന്ന് വിരുദ്ധ സ്‌പെഷ്യൽ സ്‌ക്വാഡിന്റെ (ഡാൻസാഫ്) നിരീക്ഷണത്തിലായിരുന്നു. ഡാൻസാഫ് ടീമും അഞ്ചാലുംമൂട് പൊലീസുമടങ്ങിയ സംഘമാണ് പിടികൂടിയത്.