കൊട്ടാരക്കര : ശുദ്ധജലത്തിനായി ജനങ്ങൾ നെട്ടോട്ടമോടുമ്പോഴും പൊതുകിണറുകൾ സംരക്ഷണമില്ലാതെ നശിക്കുന്നു. പുത്തൂർ വൈദ്യുതി ഭവനോട് ചേർന്ന പൊതു കിണറാണ് അധികൃതരുടെ അനാസ്ഥയിൽ നശിക്കുന്നത്. ചേരിയിൽ ദേവി ക്ഷേത്ര വളപ്പിൽ പവിത്രേശ്വരം ഗ്രാമ പഞ്ചായതാണ് പതിറ്റാണ്ടുകൾക്ക് മുൻപ് കിണർ നിർമ്മിച്ചത്. പുത്തൂർ പട്ടണത്തിൽ ഉള്ള വ്യാപാരികളും സമീപത്തെ ഇ. എസ്. ഐ ഡിസ്പെൻസറിയിൽ എത്തുന്നവരും വഴി യാത്രക്കാരുമൊക്കെ ഉപയോഗിച്ചിരുന്ന കിണറാണ്. ചുറ്റുകെട്ടുള്ള കിണറ്റിൽ വെള്ളം വറ്റാറുമില്ല. തൊട്ടടുത്തായി വൈദ്യുതി ഭവൻ സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടേക്കും കുടിവെള്ളം എടുത്തിരുന്നത് ഈ കിണറ്റിൽ നിന്നാണ്.
കുഴൽ കിണറും നശിച്ചു
കൊട്ടാരക്കര -ശാസ്താംകോട്ട റോഡരികിലായുള്ള കിണറിന്റെ സമീപം പൊതു കുഴൽ കിണർ നിർമ്മിച്ചിരുന്നു. കൈ പമ്പ് ചെയ്യാവുന്ന കുഴൽ കിണർ വന്നതോടെ കിണറിന്റെ പ്രസക്തി നഷ്ടപ്പെട്ടു. ഇപ്പോൾ കുഴൽ കിണറും പൊതു കിണറും നശിച്ചു. കിണറ്റിൽ കുറ്റിക്കാട് വളർന്നു. മാലിന്യം നിറഞ്ഞു വെള്ളം മലിനമായി. ഏറെ കാലമായി ആരും ഉപയോഗിക്കാറില്ല. കിണറിന്റെ ചുറ്റുമുള്ള ഭാഗവും മലിനമാണ്. കിണർ നാശത്തിലേക്ക് കൂപ്പു കുത്തുമ്പോഴും അധികൃതർ കണ്ണടച്ചിരിക്കുന്നു.
പദ്ധതിയുണ്ട്, തർക്കം തീരണം
പൊതു കിണർ സംരക്ഷിക്കാൻ പഞ്ചായത്ത് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ ക്ഷേത്ര വളപ്പിൽ ആയതിനാൽ തർക്കം നിലനിൽക്കുന്നു. വെള്ളം വറ്റിച്ചു മാലിന്യം നീക്കി സംരക്ഷണ ഭിത്തികൾ ബലപ്പെടുത്തി കിണർ നവീകരിച്ചാൽ ഒരുപാട് പേർക്ക് ഗുണം ചെയ്യും.
1 ലക്ഷം രൂപയുടെ പദ്ധതി
കിണർ നവീകരിക്കാൻ ഒരു ലക്ഷം രൂപയാണ് പവിത്രേശ്വരം പഞ്ചായത്ത് അനുവദിച്ചത്. നവീകരിച്ച് മോട്ടറും ടാങ്കും സ്ഥാപിക്കും
പൊതു ആവശ്യം ആണ് കിണർ നവീകരണം. തർക്കങ്ങൾ ഇല്ല. ഉടനെ നിർമ്മാണം തുടങ്ങും
ശശികല പ്രകാശ്,
വൈസ് പ്രസിഡന്റ്,
പവിത്രേശ്വരം ഗ്രാമ പഞ്ചായത്ത്