പുനലൂർ: കാടുമൂടി അപകട ഭീഷണിയിലായിരുന്ന കൊല്ലം-തിരുമംഗലം ദേശീയ പാതയോരത്തെ കൂറ്റൻ കാടുകളും മരങ്ങളും നീക്കം ചെയ്ത് തുടങ്ങി. പുനലൂർ മുതൽ കോട്ടവാസൽ വരെയുളള ദേശീയ പാതയോരത്താണ് കൂറ്റൻ കാട് വളർന്ന് നിന്നിരുന്നത്. വാഹനങ്ങൾക്ക് സൈഡ് കൊടുക്കണമെങ്കിൽ കാൽനടയാത്രക്കാർ കുറ്റിക്കാട്ടിലേക്ക് കയറി നിൽക്കണമായിരുന്നു. ഇഴ ജന്തുക്കളെ ഭയന്നായിരുന്ന പലരും ഇതുവഴി നടന്ന് പോകുന്നത്. ഇത് ചൂണ്ടി കാട്ടി ഒരാഴ്ച മുമ്പ് കേരള കൗമുദി വാർത്ത നൽകിയിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം മുതൽ പാതയോരത്തെ കാട് നീക്കി തുടങ്ങിയത്.
കാറ്റും മഴയും വരും മുമ്പ്
താമരപ്പള്ളി ജംഗ്ഷൻ മുതലാണ് യന്ത്രം ഉപയോഗിച്ച് കാട് നീക്കി തുടങ്ങിയത്. കഴിഞ്ഞ വർഷം കാട് നീക്കം ചെയ്യാതിരുന്നതാണ് പാതയിലേക്ക് കാട് വളർന്ന് ഉയരാൻ കാരണം.
വേനൽ മഴയും കാട് വളർന്ന് ഉയരാൻ മുഖ്യകാരണമായി. താഴെ പ്ലാച്ചേരി, മേലേ പ്ലാച്ചേരി, ക്ഷേത്രഗിരി,തണ്ണിവളവ്, ഇടമൺ കമ്പിനിക്കട,അണ്ടൂർപച്ച, ഉറുകുന്ന് കനാൽ പാലത്തിന് സമീപം, ഒറ്റക്കൽ തുടങ്ങിയ നിരവധി സ്ഥലങ്ങളിലാണ് കാട് ഭീഷണിയുള്ളത്. കാടിന് പുറമെ കൂറ്റൻ മരങ്ങളും വനം വകുപ്പ് മുറിച്ച് നീക്കി തുടങ്ങി. തെന്മല 13കണ്ണറ പാലത്തിന് സമീപത്ത് നിന്ന വൻ മരങ്ങളാണ് കഴിഞ്ഞ ദിവസം മുറിച്ച് നീക്കിയത്. കാറ്റും മഴയും കണക്കിലെടുത്താണ് കാലപ്പഴക്കം ചെയ്യന്ന മരങ്ങൾ മുറിച്ച് നീക്കുന്നത്.
നൂറ് കണക്കിന് മരങ്ങൾ ഇനിയുമുണ്ട്
നൂറ് കണക്കിന് താമസക്കാരാണ് ദേശീയ പാതയോരത്ത് കുടിൽ കെട്ടി വർഷങ്ങളായി താമസിച്ച് വരുന്നത്. കഴിഞ്ഞ വർഷത്തെ കാറ്റിലും മഴയിലും പാതയോരത്തെ മരശിഖരങ്ങൾ അടർന്ന് വീണ് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. എന്നാൽ ദേശീയ പാതയോരത്തെ കലയനാട്, ക്ഷേത്രഗിരി, വെള്ളിമല, കമ്പിനിക്കട, ഇടമൺ 34, ഉറുകുന്ന്, തെന്മല, മുരുകൻ പാഞ്ചാലി,ആര്യങ്കാവ്, കോട്ടവാസൽ തുടങ്ങിയ സ്ഥലങ്ങളിൽ അപകടഭീഷണി ഉയർത്തി നിൽക്കുന്ന നൂറ് കണക്കിന് മരങ്ങൾ മുറിച്ച് നീക്കാൻ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.