കൊട്ടാരക്കര: അ‌ഞ്ചുവർഷമായി വീട് വിട്ട് , ഓ‌ർമ്മ നഷ്ടപ്പെട്ട് അനാഥലയത്തിൽ കഴിഞ്ഞിരുന്ന ജ്യോതിയ്ക്ക് ഓർമ്മ തിരിച്ചു കിട്ടി. ഒപ്പം സ്വന്തം വീട്ടുകാരെയും. അഞ്ചുവർഷം മുൻപ് ഒരു അർദ്ധരാത്രിയിൽ കൊട്ടാരക്കര റെയിൽവേ സ്റ്റേഷന് സമീപം അല‌ഞ്ഞു നടന്ന തമിഴ് നാട് സ്വദേശിനിയായ ജ്യോതി എന്ന യുവതിയെ കൊട്ടാരക്കര പൊലീസ് കണ്ടെത്തി ആശ്രയയിൽ എത്തിച്ചു. മനോനില തകരാറിലായ ജ്യോതിക്ക് ഉറ്റവരെകുറിച്ചുള്ള ഓർമ്മകൾ നഷ്ടപ്പെട്ടിരുന്നു, ആശ്രയ സങ്കേതത്തിലെ സ്നേഹ പരിചരണങ്ങളെ തുടർന്ന് ഓർമ്മ തിരിച്ചു കിട്ടിയ ജ്യോതി തന്റെ മാതാ പിതാക്കളെകുറിച്ചും ബന്ധുക്കളെക്കുറിച്ചും ഓർത്തെടുത്തു. അങ്ങനെ തമിഴ് നാട് വെല്ലൂർ റെഡ്ഡിവാളം അണ്ണാനഗർ സ്വദേശിനിയായ ജ്യോതിയുടെ പിതാവ് മനോഹരനെ കണ്ടെത്തി. കഴിഞ്ഞദിവസം സങ്കേതത്തിലെത്തി മനോഹരൻ മകൾ ജ്യോതിയെ കൂട്ടിക്കൊണ്ടുപോയി.