കൊല്ലം: നിരന്തര വേലിയേറ്റം മൺറോത്തുരുത്തിൽ സൃഷ്ടിക്കുന്ന ദുരിതങ്ങളും സാമ്പത്തിക പ്രതിസന്ധിയും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ പരിഹരിക്കാൻ ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ മൂന്നു മാസത്തിനകം സമഗ്രപദ്ധതി തയ്യാറാക്കും.
കൃഷി, ടൂറിസം, ഭൂസംരക്ഷണം, അടിസ്ഥാന സൗകര്യം എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചാണ് വികസനം. ഇതിനായി നാല് സബ് കമ്മിറ്റികളെയും ചുമതലപ്പെടുത്തി. ഈ സമിതികളുടെ ആദ്യഘട്ട ശുപാർശ ഒരുമാസത്തിനുള്ളിൽ സമർപ്പിക്കും. മൂന്നാംമാസം ആവശ്യമായ തുക അടക്കം കണക്കാക്കി പദ്ധതി അന്തിമമാക്കും. ജില്ലാ ആസൂത്രണ സമിതിയുടെയും സംസ്ഥാന ആസൂത്രണ ബോർഡിന്റെയും അംഗീകാരം വാങ്ങി നടപ്പാക്കിത്തുടങ്ങുമ്പോൾ ഓരോ മാസവും പ്രത്യേക യോഗം ചേർന്ന് പുരോഗതി വിലയിരുത്തും.
# ടൂറിസം പ്രയോജനപ്പെടുത്തും
ജില്ലയിൽ ഏറ്രവും കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്ന പ്രദേശമായിട്ടും കാര്യമായ സാമ്പത്തികനേട്ടം മൺറോത്തുരുത്തിനില്ല. ബോട്ടുകൾക്കും വള്ളങ്ങൾക്കും ലൈസൻസ് ഏർപ്പെടുത്താനുള്ള അധികാരം പഞ്ചായത്തിന് ഇല്ലാത്തതാണ് പ്രശ്നം. അധികാരം ലഭിച്ചാൽ ബോട്ടുകൾക്കും വള്ളങ്ങൾക്കും ലൈസൻസ് അനുവദിക്കൽ, പുതുക്കൽ തുടങ്ങിയ ഇനങ്ങളിൽ പഞ്ചായത്തിന് മികച്ച വരുമാനം ലഭിക്കും.
# വേലിയേറ്റം പ്രതിരോധിക്കും
കാർഷിക മേഖലയുടെ വികസനം
വേലിയേറ്റം പ്രതിരോധിക്കാൻ തെങ്ങ്, കണ്ടൽ വ്യാപനം
റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണവും നവീകരണവും
വേലിയേറ്റ ജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ ഇടത്തോടുകളുടെ ആഴംകൂട്ടൽ
ഇടത്തോടുകളുടെ പാർശ്വഭിത്തി നിർമ്മാണം
ഉത്തരവാദിത്വ ടൂറിസം സാദ്ധ്യത പ്രയോജനപ്പെടുത്തും
പ്രദേശവാസികൾക്ക് ടൂറിസ്റ്റ് ഗൈഡ് അടക്കമുള്ള തൊഴിലുകളിൽ പരിശീലനം
# ആമിനയുടെ ആശയം!
വിവിധ വകുപ്പുകൾ, തദ്ദേശസ്ഥാപനങ്ങൾ എന്നിവ സംയുക്തമായി തയ്യാറാക്കുന്ന പദ്ധതികൾക്ക് ആസൂത്രണ ബോർഡ് 2 കോടി രൂപ ഇൻസെന്റീവ് നൽകാറുണ്ട്. ഈ സംവിധാനം മൺറോതുരുത്തിനായി പ്രയോജനപ്പെടുത്തണമെന്ന ചിന്ത ജില്ലാ പ്ലാനിംഗ് ഓഫീസർ പി.ജെ. ആമിനയുടെ മനസിലുണ്ടായിരുന്നു. ഇതിനിടയിൽ മൺറോത്തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാർ പഞ്ചായത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും വേലിയേറ്റം സൃഷ്ടിക്കുന്ന പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി സംസ്ഥാന ആസൂത്രണ ബോർഡിന് നിവേദനം നൽകി. ഈ നിവേദനം ജില്ലാ ആസൂത്രണ വകുപ്പിന് കൈമാറിയതോടെയാണ് പദ്ധതി തയ്യാറാക്കാൻ തീരുമാനിച്ചത്.