കുന്നത്തൂർ : ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവ് നായ ശല്യം അതിരൂക്ഷമെന്ന് പരാതി. ശാസ്താംകോട്ട ടൗണിലടക്കം നായ്ക്കൾ പെരുകിയിരിക്കുകയാണ്. വിദ്യാർത്ഥികളടക്കം നിരവധി പേർക്കാണ് കടിയേറ്റിട്ടുള്ളത്. സന്ധ്യ കഴിഞ്ഞാൽ ടൗണും ഗ്രാമപ്രദേശങ്ങളുമെല്ലാം തെരുവ് നായ്ക്കളുടെ നിയന്ത്രണത്തിലാണ്. നായ്ക്കളെ ഭയന്ന് ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.
ശാസ്താംകോട്ട കെ.എസ്.ആർ.ടി.സി ഗ്യാരേജിന് സമീപം നായ്ക്കളുടെ വന്ധ്യംകരണത്തിനായി കെട്ടിടം തുറന്നിരുന്നു. മുൻപ് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽ പഞ്ചായത്തുകളിൽ നിന്നും പിടികൂടുന്ന നായ്ക്കളെ ഇവിടെയെത്തിച്ച് വന്ധ്യംകരണം നടത്തിയ ശേഷം ശാസ്താംകോട്ടയിലെ വിവിധ ഭാഗങ്ങളിൽ തുറന്ന് വിടുന്നതായിരുന്നു പതിവ്. ഇതാണ് നായ ശല്യം രൂക്ഷമാകാനുള്ള കാരണമായി നാട്ടുകാർ പറയുന്നത്.
വന്ധീകരണ ശാലയ്ക്കൊപ്പം നായ്ക്കളെ സംരക്ഷിക്കാനും പരിപാലിക്കാനും മറ്റൊരു ഷെൽട്ടർ കൂടി നിർമ്മിച്ചാൽ ഒരു പരിധിവരെ നായ ശല്യം കുറയ്ക്കാൻ കഴിയും. ഇതിന് ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് നടപടി സ്വീകരിക്കണം.
വിപിൻ സിജു,
യൂത്ത് കോൺഗ്രസ്
ജില്ലാ ജനറൽ സെക്രട്ടറി