 
 പൊലീസ് വാഹനങ്ങൾക്ക് നേരെ കല്ലേറ്
 ജലപീരങ്കിയേറ്റ് പ്രവർത്തകൻ കുഴഞ്ഞുവീണു
കൊല്ലം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ കളക്ടറേറ്റ് മാർച്ചിൽ സംഘർഷം. ജലപീരങ്കി പ്രയോഗത്തിൽ ജില്ലാ സെക്രട്ടറി റിനോസ് ഷാ കുഴഞ്ഞുവീണു. പൊലീസുമായുള്ള ബലപ്രയോഗത്തിനിടയിൽ ബാരിക്കേഡിൽ തട്ടി ജില്ലാ സെക്രട്ടറി എ.ആർ.റിയാസിന്റെ കൈയ്ക്ക് സാരമായി പരിക്കേറ്റു. ഇതിനിടെ ജലപീരങ്കി അടക്കമുള്ള പീസ് വാഹനങ്ങൾക്ക് നേരെ കല്ലേറുമുണ്ടായി.
കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നിന്ന് ആരംഭിച്ച യൂത്ത് കോൺഗ്രസ് മാർച്ച്, കളക്ടറേറ്റിന് മുമ്പിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു. അതിന് ശേഷം പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്. പൊലീസുകാർ ലാത്തിച്ചാർജ്ജിന് ശ്രമിച്ചെങ്കിലും എ.സി.പി ഇടപെട്ട് തടഞ്ഞു. വീണ്ടും ബാരിക്കേഡ് തകർക്കാൻ ശ്രമം ഉണ്ടായതോടെയാണ് ജലപീരങ്കി പ്രയോഗിച്ചത്. നാല് തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിന്തിരിയാഞ്ഞതോടെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. കുഴഞ്ഞുവീണ് ശ്വാസതടസം നേരിട്ട റിനോസ് ഷായ്ക്ക് സഹപ്രവർത്തർകർ വായിലൂടെ ശ്വാസം നൽകിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ എ.ആർ. റിയാസിന്റെ കൈയിൽ നാല് തുന്നലുണ്ട്.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അരുൺരാജ്, സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ജെ. പ്രേംരാജ്, സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ, സംസ്ഥാന സെക്രട്ടറി കുരുവിള ജോസഫ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അനീഷ് പടപ്പക്കര, ഷഫീക്ക് കിളികൊല്ലൂർ, ഷാ സലിം, അസൈൻ പള്ളിമുക്ക്, നിഷ സുനീഷ്, ഷംബ, ഷംല നൗഷാദ്, സിനി, നിതിൻ കല്ലട, അജു കൊട്ടാരക്കര തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.