netherland
നെതർലൻഡിലെ ആംഫിബീയൻ കെട്ടിടങ്ങൾ

കൊല്ലം: ശക്തമായ മഴയും തുടർച്ചയായ വേലിയേറ്റവും കാരണമുള്ള വെള്ളപ്പൊക്കത്തെ അതിജീവിക്കാൻ മൺറോത്തുരുത്തിൽ ആംഫിബീയൻ വീടുകൾ നിർമ്മിക്കാൻ സാദ്ധ്യതാപഠനം. ജലനിരപ്പ് ഉയരുന്നതിന് ആനുപാതികമായി ഉയരുന്ന വീടുകളാണ് ലക്ഷ്യം. കേരള ഡെവല‌പ്മെന്റ് ആൻഡ് ഇന്നോവേറ്റീവ് സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ ഡിസ്ക്) നേതൃത്വത്തിൽ സ്വകാര്യ സ്റ്റാർട്ട് അപ്പ് കമ്പനി, നാവികസേന അടക്കമുള്ള വിവിധ ഏജൻസികളുടെ നേതൃത്വത്തിലാണ് പഠനം.

നെതർലൻഡ്, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ ആംഫിബീയൻ വീടുകൾ പ്രചാരത്തിലുണ്ട്. ഏതാനും വർഷം മുമ്പ് കോട്ടയത്ത് ഒരു സ്റ്റാർട്ട് കമ്പനി തങ്ങളുടെ ചെറിയ ഓഫീസ് ഈ മാതൃകയിൽ നിർമ്മിച്ചിരുന്നു. കപ്പൽ നിർമ്മാണത്തിന്റെ സാങ്കേതികവിദ്യയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഭൂമിക്കടിയിൽ ആഴത്തിൽ സ്ഥാപിക്കുന്ന പില്ലറുകൾക്ക് മുകളിലാകും വീട് നിർമ്മിക്കുക. ജലനിരപ്പ് ഉയരുമ്പോൾ വീടും ഉയരും. കട്ടകൾക്കും കോൺക്രീറ്റിനും പകരം സ്റ്റീൽ അടക്കമുള്ള ഭാരം കുറഞ്ഞ സാമഗ്രികൾ ഉപയോഗിച്ചായിരിക്കും നിർമ്മാണം. മൺറോതുരുത്തിൽ മൂന്നരയടി വരെ പൊങ്ങുന്ന വീടുകളാണ് ലക്ഷ്യം.

അധികത്തുക കെ ഡിസ്‌ക് നൽകും

സാധാരണ വീടിനെക്കാൾ 30 ശതമാനം അധികത്തുക ആംഫിബീയൻ വീടുകൾ നിർമ്മിക്കാൻ ചെലവാകും. ഏതെങ്കിലും ഒരു വ്യക്തി മൺറോതുരുത്തിൽ ഇത്തരമൊരു വീട് നിർമ്മിക്കാൻ മുന്നോട്ടുവന്നാൽ അധികമായ വേണ്ടിവരുന്ന തുക കെ ഡിസ്ക് നൽകും. ഏതെങ്കിലും സാഹചര്യത്തിൽ വീടിന് കേടുപാട് സംഭവിച്ചാൽ വീടിന് ചെലവായ തുക പൂർണമായും കെ ഡിസ്ക് നൽകുകയും ചെയ്യും.

............................................................................................................

വെള്ളപ്പൊക്ക സ്ഥിരമായി ഉണ്ടാകുന്ന മൺറോതുരുത്ത് അടക്കമുള്ള സ്ഥലങ്ങളിൽ കൂടുതൽ ഉയരത്തിൽ അടിസ്ഥാനം നിർമ്മിച്ചാണ് ഇപ്പോൾ പ്രശ്നം പരിഹരിക്കുന്നത്. ഇതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ആംഫിബീയൻവീടുകൾ. മൺറോതുരുത്തിന് പുറമേ കുട്ടനാട്ടിലും അംഫിബീയൻ വീടുകളുടെ സാദ്ധ്യത പരിശോധിക്കുന്നുണ്ട്. മൺറോതുരുത്തിന് അനുയോജ്യമായ രൂപരേഖ ഉടൻ തയ്യാറാക്കും.

പി.വി. ഉണ്ണിക്കൃഷ്ണൻ, കെ ഡിസ്ക് മെമ്പർ സെക്രട്ടറി