കൊല്ലം: കോർപ്പറേഷന്റെ കോഴിവേസ്റ്റ് സംഭരണ ടെണ്ടർ അഴുകിയ നിലയിലായിട്ടും പരിഹാര നടപടികളില്ല. പുതിയ ടെണ്ടറിനെതിരെ, നിലവിൽ കോഴിവേസ്റ്റ് ശേഖരിക്കുന്ന സ്വകാര്യ ഏജൻസി നൽകിയ ഹർജിയിൽ ഹൈക്കോടതി പുറപ്പെടുവിച്ച തൽസ്ഥിതി ഉത്തരവ് മറികടക്കാൻ ഇത്ര നാളായിട്ടും യാതൊരു ഇടപെടലും കോർപ്പറേഷന്റെ ഭാഗത്തുനിന്നു ഉണ്ടായിട്ടില്ല. ഇതിലൂടെ ഏകദേശം അരക്കോടി രൂപയുടെ നഷ്ടമാണ് കോർപ്പറേഷനുണ്ടായത്.

കോർപ്പറേഷന് നയാപൈസ ലഭിക്കുന്നില്ല എന്നതിനു പുറമേ നഗരത്തിലെ പല ഭാഗങ്ങളിലും മാലിന്യം തള്ളി രോഗഭീഷണിയും ദുർഗന്ധവും ഉയർത്തുന്ന തരത്തിലാണ് നിലവിൽ സ്വകാര്യ ഏജൻസി കോഴിവേസ്റ്റ് ശേഖരിക്കുന്നത്. കടകളിൽ നിന്നു ശേഖരിക്കുന്ന കോഴിവേസ്റ്റിൽ ഉപയോഗശൂന്യമായവ വഴിവക്കിൽ തള്ളുന്നതിനെതിരെ കളക്ടർ ഇടപെട്ടതോടെയാണ് രണ്ട് വർഷം മുൻപ് കോർപ്പറേഷൻ കോഴിവേസ്റ്റ് സംഭരിക്കുന്നതിന് കരാർ ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഇങ്ങനെ ക്ഷണിച്ച ടെണ്ടറാണ് കരാർ ഒപ്പിടാനാകാത്ത അവസ്ഥയിൽ നിൽക്കുന്നത്. അതിനാൽ സ്വകാര്യ ഏജൻസികൾ കോഴിവേസ്റ്റ് സംഭരിച്ച് അന്യസംസ്ഥാനങ്ങളിലെ ഫാക്ടറികൾക്ക് വിറ്റ് ലക്ഷങ്ങൾ സമ്പാദിക്കുകയാണ്.

ഒരുവർഷം മുൻപ് ക്ഷണിച്ച ടെണ്ടറിൽ വർഷം രണ്ട് കോടി രൂപയ്ക്ക് മുകളിൽ കോർപ്പറേഷന് വാഗ്ദാനം ചെയ്ത ഏജൻസി പിന്മാറിയിരുന്നു. 72.04 ലക്ഷമായിരുന്നു രണ്ടാമത്തെ ഉയർന്ന തുക. ഈ തുകയ്ക്ക് കരാർ ഉറപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് ഹൈക്കോടതിയിൽ ടെണ്ടറിനെതിരെ ഹർജി എത്തിയത്.

 അട്ടിമറി ശ്രമം ആദ്യം മുതൽ

കോഴിവേസ്റ്റ് ടെണ്ടർ അട്ടിമറിക്കാൻ അദ്യഘട്ടം മുതൽ കോർപ്പറേഷനുള്ളിൽ തന്നെ ശ്രമങ്ങൾ നടന്നിരുന്നു. പ്രതിപക്ഷം ഇടപെട്ടതോടെയാണ് കരാർ നടപടികൾ ഊർജ്ജിതമായത്. പിന്നീട് ഹൈക്കോടതിയുടെ തൽസ്ഥിതി ഉത്തരവ് വന്നതോടെ അധികൃതർ വീണ്ടും മെല്ലെപ്പോക്കിലായി. കേസ് നേരത്തെ പരിഗണിക്കാനുള്ള ഇടപെടൽ നടത്തിയിരുന്നെങ്കിൽ മാസങ്ങൾക്ക് മുൻപേ തീർപ്പാകുമായിരുന്നു. പക്ഷെ അധികൃതർ കോഴിവേസ്റ്റ് കരാർ മറന്ന മട്ടാണെന്നും ആക്ഷേപമുണ്ട്.