കൊല്ലം: നീണ്ടകര സർക്കാർ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻമാരുടെ കുറവ് മൂലം രോഗികൾ വലയുന്നു. നൂറുകണക്കിന് രോഗി​കൾ പ്രതി​ദി​നം ആശ്രയിക്കുന്ന, മികച്ച നിലയിൽ പ്രവർത്തിക്കുന്ന ആശുപത്രിയാണ് നീണ്ടകരയിലേത്. ഒരേസമയം ആറു ഡോക്ടർമാരുടെ വരെ സേവനം ലഭ്യമാണ്. എന്നാൽ 2 ലാബ് ടെക്നീഷ്യൻമാർ മാത്രമാണുള്ളത്.

താത്കാലികമായെങ്കിലും നിയമിക്കണം

ശരാശരി നൂറിന് മുകളിൽ ആളുകൾ പ്രതിദിനം ലാബ് പരിശോധനയ്ക്ക് എത്തുന്നുണ്ട്. ഡോക്ടർമാർ കുറിച്ചു കൊടുക്കുന്ന പരിശോധനകൾ കൃത്യസമയത്ത് ചെയ്തു കൊടുക്കാൻ ഇവരെക്കൊണ്ടു മാത്രം കഴിയുന്നില്ല. രാവിലെ 8 മുതൽ ഉച്ചക്ക് ഒന്നുവരെയാണ് പരിശോധന. ഇതി​നുള്ളിൽ ലാബ് പരിശോധന പൂർത്തിയാക്കി റിസൾട്ട് നൽകിയെങ്കിൽ മാത്രമേ രോഗിക്ക് പ്രയോജനം ലഭിക്കൂ. റിസൾട്ട് ലഭിച്ചില്ലെങ്കിൽ അടുത്ത ദിവസം വീണ്ടും വരേണ്ടി വരും. അല്ലെങ്കിൽ സ്വകാര്യ ലാബുകളെ ആശ്രയിക്കണം. സാമ്പത്തികമായി ബുദ്ധിമുട്ടുളളവർക്ക് ഇതു വി​നയാണ്. ലാബിൽ രണ്ടു ടെക്നീഷ്യൻമാരെ കൂടി താത്കാലികമായെങ്കിലും നിയമിച്ച് പ്രശ്നം പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.