 
കൊല്ലം: കൊട്ടാരക്കരയിലെ ടൂറിസം കേന്ദ്രമായ മീൻപിടിപ്പാറയിലേക്കുള്ള റോഡ് തകർന്നിട്ട് മാസങ്ങൾ. ഇവിടേയ്ക്ക് അധികൃതർ തിരിഞ്ഞ് നോക്കുന്നില്ല. ടൂറിസം പദ്ധതി നാടിനായി തുറന്നതു മുതൽ നൂറുകണക്കിന് ആളുകളാണ് ഇതുവഴി ദിനവും കടന്നുപോകുന്നത്. വാഹന യാത്രക്കാർ തീർത്തും ബുദ്ധിമുട്ടുകയാണ്. ഇരുചക്ര വാഹനങ്ങളിലെത്തുന്നവർ അപകടത്തിൽപ്പെടുന്നതും പതിവായി.
റോഡിൽ നിറയെ കുഴികൾ
കൊല്ലം-തിരുമംഗലം ദേശീയപാതയിൽ കൊട്ടാരക്കര കോളേജ് ജംഗ്ഷനിൽ നിന്നാണ് മീൻപിടിപ്പാറ റോഡ് തുടങ്ങുന്നത്. കുത്തനെയുള്ള റോഡിന്റെ പല ഭാഗത്തും ടാറിംഗ് ഇളകി മാറി വലിയ കുഴികൾ രൂപപ്പെട്ടിരിക്കയാണ്. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജ്, സ്കൂൾ, ബി.എഡ് കോളേജ്, സൂരജ് ആയുർവേദ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എന്നിവയടക്കം ഈ റോഡിന്റെ അരികിലായി സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടേക്ക് പോകുന്നവരും മീൻപിടിപ്പാറയിലെ മനോഹാരിത ആസ്വദിക്കാൻ പോകുന്നവരുമെല്ലാം റോഡിന്റെ ദുർഗതിയിൽ ബുദ്ധിമുട്ടുകയാണ്. കൊട്ടാരക്കര നഗരസഭയുടെ പരിധിയിൽ വരുന്ന ഭാഗമായിട്ടും അധികൃതർ തിരിഞ്ഞു നോക്കാറില്ലെന്നാണ് പരാതി.
മീൻപിടിപ്പാറയിൽ തിരക്കേറി
കൊട്ടാരക്കര പട്ടണത്തിലെ ഏക ടൂറിസ്റ്റ് കേന്ദ്രമാണ് മീൻപിടിപ്പാറ. ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഇവിടെ പുലമൺ തോടിന്റെ നീരൊഴുക്കും വലിയ മത്സ്യ പ്രതിമയും പാർക്കുമടക്കം ഒട്ടേറെ കാഴ്ചകളുണ്ട്. ഇതെല്ലാം ആസ്വദിക്കാനായി എത്തുന്നവർ റോഡിന്റെ ദുരവസ്ഥ കണ്ട് തിരികെ പോകുന്ന സ്ഥിതിയാണ്.