പുനലൂർ: കഴിഞ്ഞ ഏഴ് വർഷമായി തകർന്ന് തരിപ്പണമായി കിടക്കുന്ന ഉറുകുന്ന്-ഒറ്റക്കൽ റെയിൽവേ സ്റ്റേഷൻ റോഡിന്റെ പുനരുദ്ധാരണ ജോലികൾ ആരംഭിക്കുന്നു. പ്രധാനമന്ത്രി സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണ ജോലികൾ ആരംഭിക്കുന്നത്. ഇതിന്റെ മുന്നോടിയായി ഇന്നലെ ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി റോഡിന്റെ വീതിയും മറ്റും അളന്നു തിട്ടപ്പെടുത്തി. കൊല്ലം-തിരുമഗലം ദേശീയ പാതയിലെ ഉറുകുന്ന് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് ഒറ്റക്കൽ റെയിൽവേ സ്റ്റേഷൻ വഴി തെന്മല 40ാംമൈലിൽ എത്തുന്ന സമാന്തര പാതയുടെ നവീകരണ ജോലികളാണ് രണ്ടാഴ്ചക്കകം ആരംഭിക്കുന്നത്.
റീ ടാറിംഗ് നടത്തും
പി.എം.സി.വൈ.എസ് നിലവാരത്തിലാകും റീ ടാറിംഗ് നടത്തുന്നത്. കഴിഞ്ഞ ഏഴ് വർഷമായി റോഡ് തകർന്ന് കിടക്കുന്നത് കാരണം ഇത് വഴിയുള്ള കാൽ നടയാത്ര പോലും ദുഷ്ക്കരമായി മാറിയിരുന്നു. നവീകരണ ജോലികൾ പുനരാരംഭിക്കുന്നതോടെ നൂറ് കണക്കിന് മലയോരവാസികളുടെ ദുരിത യാത്രക്ക് അറുതിയാകുമെന്നാണ് നാട്ടുകർ പറയുന്നത്.തെന്മല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ, വൈസ് പ്രസിഡന്റ് സജികുമാരി സുഗതൻ, സ്ഥിരം സമിതി അദ്ധ്യക്ഷ എസ്.ആർ.ഷീബ, ഷിബു കൈമണ്ണിൽ തുടങ്ങിയവരും ഉദ്യോഗസ്ഥ സംഘത്തിനൊപ്പം റോഡ് അളന്ന് തിട്ടപ്പെടുത്താൻ എത്തിയിരുന്നു.