meen

കൊല്ലം: നിരോധനം ലംഘിച്ച് വളം നിർമ്മാണത്തിനായി കടത്താൻ ശക്തികുളങ്ങര ഹാർബറിൽ എത്തിച്ച ഏകദേശം 750 കിലോ തൂക്കം വരുന്ന 15 പെട്ടി ചെറുമത്സ്യം ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു.

രഹസ്യവിവരത്തെ തുടർന്ന് ഫിഷറീസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മത്സ്യപ്പെട്ടികൾ പിടിച്ചെടുത്തത്. വ്യാഴാഴ്ച രാത്രി 9.30 ഓടെയായിരുന്നു പരിശോധന. മത്സ്യം കൊണ്ടുവന്നതെന്ന് സംശയിക്കുന്ന ബോട്ട് കസ്റ്റഡിയിലെടുത്തു.

പക്ഷെ തങ്ങളല്ല മത്സ്യം കൊണ്ടുവന്നതെന്ന നിലപാടിലായിരുന്നു ബോട്ടിലെ തൊഴിലാളികൾ. ഇതോടെ ഹാർബറിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. ഉദ്യോഗസ്ഥരെ കണ്ടപ്പോൾ മത്സ്യപ്പെട്ടികൾ മാറ്റാൻ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. മത്സ്യം കൊണ്ടുപോകാനായി ഒരു വാനും സ്ഥലത്ത് തമ്പടിച്ചിരുന്നു.

ഈ വാനിൽ നിന്ന് ചെറുമത്സ്യങ്ങൾ കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം ബോട്ടുകൾ പിടിച്ച ചെറുമത്സ്യങ്ങളുമായെത്തിയ രണ്ട് കാരിയർ വള്ളങ്ങൾ അഴീക്കലിൽ കസ്റ്റഡിയിലെടുത്തിരുന്നു.

വളരും മുമ്പേ വളത്തിനായി കടത്തൽ

1. കൃഷിക്ക് ആവശ്യമായ വളം നിർമ്മിക്കുന്നതിന് പുറമേ കോഴിത്തീറ്റ നിർമ്മാണത്തിനും ചെറുമത്സ്യങ്ങൾ ഉപയോഗിക്കുന്നുണ്ട്

2. ഹാർബറുകളിലും തീരങ്ങളിലും രഹസ്യമായി എത്തിക്കുന്ന ചെറുമത്സ്യം വാനുകളിലാണ് കടത്തുന്നത്

3. തമിഴ്നാട് അടക്കമുള്ള അയൽസംസ്ഥാനങ്ങളിലെ ഫാക്ടറികളിലേക്കാണ് കൊണ്ടുപോകുന്നത്

ചെറിയ കണ്ണികളുള്ള വലകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനം മത്സ്യസമ്പത്തിനെ ബാധിക്കുന്നതിനാലാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.

ഫിഷറീസ് വകുപ്പ് അധികൃതർ