
കൊല്ലം: സ്വർണം - കറൻസി കടത്തിന് നേതൃത്വം നൽകിയ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന താലൂക്ക് ഓഫീസ് മാർച്ചിനിടെ പലതവണ സംഘർഷം.
ചിന്നക്കടയിൽ നിന്ന് പ്രകടനമായെത്തിയ പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ ശാന്തരായതോടെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ മാർച്ച് ഉദ്ഘാടനം ചെയ്തു. ഇദ്ദേഹം മടങ്ങിയതിന് ശേഷം പ്രവർത്തകർ ദേശീയപാത ഉപരോധിച്ചതോടെ വീണ്ടും സംഘർഷം രൂപപ്പെട്ടു. വീണ്ടും പൊലീസ് ഇടപെട്ടാണ് പ്രവർത്തകരെ ശാന്തരാക്കിയത്.
യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം അദ്ധ്യക്ഷനായി. യുവമോർച്ച സംസ്ഥാന സമിതി അംഗം ജമുൻ ജഹാംഗീർ, ജില്ലാ ജനറൽ സെക്രട്ടറി പി. അഖിൽ എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായ ദീപുരാജ്, ബി. ഗോകുൽ, മഹേഷ് മണികണ്ഠൻ, ഗോപകുമാർ, എം. അഭിനസ്, ഐ.ടി സെൽ കൺവീനർ അർജുൻമോഹൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
മണ്ഡലം പ്രസിഡന്റുമാരായ ഉണ്ണിക്കൃഷ്ണൻ, സൂരജ് സോമൻ, പ്രവീൺ പാരിപ്പള്ളി, അബിൻ, ശരത് ചവറ, മനോജ്, ശരത് മാമ്പുഴ, അനന്തു, അരുൺ പന്മന, മനു മോഹൻ, ആദർശ് എന്നിവർ പങ്കെടുത്തു.