karu
പാറ്റോലി തോടിന്റെ വശങ്ങളിൽ പുതിയ തീര സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിന്റെ ഭാഗമായി പഴയ കരിങ്കൽ ഭിത്തി പൊളിച്ച് മാറ്റിയ നിലയിൽ

കരുനാഗപ്പളി: പാറ്റോലി തോടിന് ഇരുകരകളിലുമുള്ളവർ വർഷങ്ങളായി അനുഭവിച്ചുവന്ന വെള്ളക്കെട്ടിന് മോചനം. ജലമന്ത്രിയുടെ നിർദ്ദേശപ്രകാരം

പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ അനുവദിച്ചു. ഇതോടെ

കരുനാഗപ്പള്ളി മാർക്കറ്റിന് കിഴക്ക് വശത്തെ തോടിന്റെകരയിലെ അമ്പതോളം കുടുംബങ്ങളുടെ നിത്യ ദുരിതത്തിന് അറുതിയാകും. കരുനാഗപ്പള്ളി നഗരസഭാ പരിധിയിലെ പതിനാലാം ഡിവിഷനിലെ 20 ഓളം കുടുംബങ്ങൾക്കും തൊടിയൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ ഇരുപത്തിരണ്ടാം വാർഡിലെ നിരവധി കുടുംബങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

ശക്തമായ മഴയിൽ തോട്ടിലെ ജലനിരപ്പ് ഉയരുന്നതും വേലിയേറ്റത്തിൽ തോട്ടിൽ നിന്ന് കരയിലേക്ക് വെള്ളം കയറുന്നതുമാണ് പ്രദേശം വെള്ളക്കെട്ടായി മാറാൻ കാരണം. ഇതോടെ വർഷത്തിൽ ഒരു ദിവസം പോലും വെള്ളക്കെട്ടിന് ശമനമില്ലാതായി. വേലിയേറ്റം കാരണം രാത്രിയിൽ

അമ്മമാർ കുഞ്ഞുങ്ങളെയും ഒക്കത്തുവച്ച് മറ്റു പ്രദേശങ്ങളിലേക്ക്

ഓടിപ്പോകുന്നത് പതിവ് കാഴ്ചയായിരുന്നു. ഇത്തരം ദുരിതങ്ങളാണ് ഇതോടെ അവസാനിക്കുന്നത്. വെള്ളക്കെട്ട് കാരണം പൊറുതിമുട്ടിയ നാട്ടുകാർ കയറിയിറങ്ങാത്ത ഓഫീസും മുട്ടാത്ത വാതിലുകളുമില്ല. ഈ അവസരത്തിലാണ് കരുനാഗപ്പള്ളി നഗരസഭാ ഡിവിഷൻ കൗൺസിലർ റെജി ഫോട്ടോപാർക്ക് മുന്നിട്ടിറങ്ങിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മുൻ എം.എൽ.എ ആർ.രാമചന്ദ്രൻ മുഖേന ജലസേചന മന്ത്രിക്ക് നൽകിയ നിവേദനം നാട്ടുകാർക്ക് തുണയാകുകയായിരുന്നു.

ഒരുവർഷത്തിനുള്ളിൽ

പൂർത്തിയാകും

മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് അനുവദിച്ച 50 ലക്ഷം രൂപ തോടിന്റെ നവീകരണത്തിനായി ഉപയോഗിക്കും. കരിങ്കൽ ഭിത്തി പൂർണ്ണമായും പൊളിച്ചുനീക്കി കരയിലേക്ക് വെള്ളം കയറാത്ത തരത്തിൽ കരിങ്കൽ ഭിത്തി നിർമ്മിക്കാനാണ് നിർദ്ദേശം. കരിങ്കൽ ഭിത്തിയുടെ വശങ്ങളിൽ ഗ്രാവലിട്ട് നിറയ്ക്കുന്നതോടെ തീരം കൂടുതൽ ബലപ്പെടുകയും ചെയ്യും.

260 മീറ്റർ നീളത്തിൽ തോടിന്റെ ഇരുവശങ്ങളിലുമായിട്ടാണ് തീര സംരക്ഷണ ഭിത്തി നിർമ്മിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കണമെന്നാണ് കരാർ. തോടിന്റെവശങ്ങളിലെ പഴയ കരിങ്കൽ ഭിത്തി പൊളിച്ചുകൊണ്ടാണ് നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങുക.

രണ്ട് പതിറ്റാണ്ട് മുമ്പാണ് തീരസംരക്ഷണ ഭിത്തി നിർമ്മിച്ചത്. കരിങ്കൽ ഭിത്തിയുടെ വശങ്ങളിൽ ഗ്രാവൽ ഇട്ടിട്ടില്ലാത്തതിനാൽ വേലിയേറ്റ സമയത്ത് തോട്ടിലെ വെള്ളം പാറയ്ക്കിടയിലൂടെ കരയിലേക്ക് അടിച്ചുകയറുമായിരുന്നു.

ഭിത്തി പണിയുന്നതോടെ വെള്ളക്കെട്ടിൽ നിന്ന് ഈ പ്രദേശത്തെ പൂർണ്ണമായും സംരക്ഷിക്കാൻ കഴിയും.

..............................................................................................................................

തീരസംരക്ഷണഭിത്തി പണിയുന്നതോടെ വെള്ളക്കെട്ടിന്റെ ദുരിതത്തിൽ നിന്ന് നാട്ടുകാർ പൂർണ്ണമായും മോചിതരാകും. പിന്നെ അവശേഷിക്കുന്ന പ്രധാന

പ്രശ്നം വഴിയാണ്. ഇതും പരിഹരിക്കാനുള്ള നടപടികൾക്ക് ആരംഭിച്ചിട്ടുണ്ട്. ചവറ ടൈറ്റാനിയത്തിലേയ്ക്കുള്ള റെയിൽവേ പാത കടന്ന് പോകുന്നത് ഇതുവഴിയാണ്. എന്നാൽ, മൂന്നര പതിറ്രാണ്ടായി ഈ പാത ടൈറ്റാനിയം ഉപയോഗിക്കുന്നില്ല. കമ്പനി അധികൃതരുടെ അനുവാദത്തോടെ ഇവിടെ റോഡ് നിർമ്മിക്കാനാണ് പദ്ധതി. ഇതിനായി ടൈറ്റാനിയം അധികൃതരുമായി നഗരസഭ ചർച്ച ചെയ്യും. ഡിവിഷന്റെ സമഗ്ര വികസനമാണ് ലഷ്യം.

റെജി ഫോട്ടോപാർക്ക്,

കൗൺസിലർ, കരുനാഗപ്പള്ളി നഗരസഭ