പരവൂർ: തീരദേശ റോഡി​ന്റെ അറ്റകുറ്റപ്പണി നടത്തണമെന്നാവശ്വപ്പെട്ട് അനി​ശ്ചി​തകാല സമരം ആരംഭി​ക്കാൻ യൂത്ത് കോൺഗ്രസ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. കൊല്ലം ബീച്ച് മുതൽ പൊഴിക്കര വരെയുള്ള തീരദേശ റോഡിന്റെ പൊഴിക്കര - താന്നി വരെ ഒഴിച്ചി​ട്ട് ബാക്കിയുള്ള ഭാഗങ്ങൾ നിരവധി തവണ അറ്റകുറ്റപ്പണികൾ നടത്തി​. കൊല്ലം, ഇരവിപുരം നിയോജക മണ്ഡലങ്ങളിലെ തീരദേശ റോഡിന്റെ ഭാഗങ്ങൾ മാത്രം സംരക്ഷിക്കുകയും ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ ഭാഗം മാത്രം സംരക്ഷിക്കാതിരിക്കുന്നതും പ്രതിഷേധാർഹമാണെന്ന് യൂത്ത് കോൺഗ്രസ് ആരോപി​ച്ചു.

സമരത്തിന്റെ ആദ്യ ഘട്ടമായി ബ്ലോക്ക് പ്രസിഡന്റ് രഞ്ജിത്ത് പരവൂർ, പരവൂർ മണ്ഡലം പ്രസിഡന്റ് ആർ.എസ്. വിജയ് എന്നിവർ 16ന് രാവിലെ 8 മുതൽ 12 മണിക്കൂർ പൊഴിക്കര തീരദേശ റോഡിന് സമീപം ഉപവസിക്കും. ഉപവാസ സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ.പ്രതാപ വർമ്മ തമ്പാൻ ഉദ്‌ഘാടനം ചെയ്യും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ഡി.സി.സി മുൻ പ്രസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണ ഉദ് ഘാടനം ചെയ്യും.