t
നിർമ്മാണം പാതിവഴിയിൽ നിൽക്കുന്ന പെരുമൺ പേഴുംതുരുത്ത് പാലം

കൊല്ലം: കൊല്ലത്തിന്റെ വികസന വേഗത്തിന് കരുത്തു പകരേണ്ട പെരുമൺ- പേഴുംതുരുത്ത് പാലത്തിന്റെ ജോലികൾ പുരോഗമിക്കുകയാണെങ്കിലും മദ്ധ്യഭാഗത്തെ സ്പാനിന്റെ ഡിസൈൻ തയ്യാറാക്കൽ വൈകുന്നത് തിരിച്ചടിയായി. ഡിസൈൻ ലഭിച്ചില്ലെങ്കിൽ ബാക്കി ജോലികൾ പൂർത്തിയാക്കി നിർമ്മാണം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് കരാർ കമ്പനി.

പാലത്തിന്റെ മദ്ധ്യഭാഗത്തായി വരുന്ന 160 മീറ്റർ നീളമുളള മൂന്ന് സ്പാനുകളുടെ ഡിസൈനിനെ ചൊല്ലി കരാർ കമ്പനിയും കേരള റോഡ് ഫണ്ട് ബോർഡും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് കിഫ്ബിയുടെ ടെക്നിക്കൽ വിഭാഗം ഡിസൈൻ തയ്യാറാക്കി നൽകുമെന്ന് ഉറപ്പു നൽകിയിരുന്നു. കഴിഞ്ഞ ജനുവരിയിൽ നൽകിയ ഉറപ്പ് ആറു മാസം കഴിഞ്ഞിട്ടും പാലിക്കാതെ വന്നതിനെ തുടർന്ന് കടുത്ത നടപടികളിലേക്ക് പോവുകയാണ് കരാർ കമ്പനി. പെരുമൺ ഭാഗത്തെ നാലു സ്പാനുകളിലെ 12 ബീമുകളുടെ നിർമ്മാണം പൂർത്തിയായി. മൂന്നു ബീമുകൾ ബന്ധിപ്പിച്ച് സ്ളാബുകൾ നിർമ്മിക്കുന്ന ജോലികൾ പെരുമൺ ഭാഗത്ത് അവശേഷിക്കുന്നു.

പേഴുംതുരുത്ത് ഭാഗത്ത് നാലു സ്പാനുകളും 12 ബീമുകളും ഉള്ളതിൽ രണ്ട് ബീമുകൾ നിർമ്മിച്ചു. മൂന്നാമത്തെ ബീമിന്റെ നിർമ്മാണത്തിനുളള പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു. സെപ്തംബറോടെ 8 സ്പാനുകളുടെയും അവയെ ബന്ധിപ്പിക്കുന്ന 24 ബീമുകളുടെയും സ്ളാബുകളുടെയും നിർമ്മാണം പൂർത്തിയാക്കി ജോലികൾ അവസാനിപ്പിക്കാനാണ് കരാറുകാരായ ചെറിയാൻ വർക്കി ആൻഡ് കമ്പനിയുടെ തീരുമാനം.

# തുടക്കം ഫെബ്രുവരിയിൽ

 ജോലി ആരംഭിച്ചത്: 2021 ഫെബ്രുവരിയിൽ.

 പാലത്തിന്റെ നീളം:434 മീറ്റർ.

 സ്പാനുകൾ: 11

# തർക്കം വന്ന വഴി

1. പാലത്തിന്റെ മദ്ധ്യഭാഗത്ത് 160 മീറ്റർ നീളം വരുന്ന 3 സ്പാനുകളുടെ ഡിസൈൻ വില്ലൻ

2. കരാർ നൽകിയപ്പോഴുള്ള ഡിസൈൻ മാറ്റി ഉയരവും ഭംഗിയും കൂട്ടി പുതിയ ഡിസൈൻ നൽകി

3 പുതിയ ഡിസൈനിൽ സാങ്കേതിക പിഴവുണ്ടെന്നും സ്വീകരിക്കാനാവില്ലെന്നും കരാർ കമ്പനി

4. പുതിയ ഡിസൈൻ കമ്പനി തയ്യാറാക്കി നൽകിയെങ്കിലും സ്വീകാര്യമായില്ല.

5. പൊതുമരാമത്ത് വകുപ്പിന്റെ ഡിസൈനിൽ ജോലി ചെയ്യണമെന്ന് സർക്കാർ ശഠിച്ചു

6. കിഫ്ബി ഡിസൈൻ തയ്യാറാക്കി നൽകാമെന്ന ഉറപ്പിൽ തർക്കം അവസാനിച്ചു

7. വാക്കു പാലിക്കാതെ കിഫ്ബി ഉഴപ്പുന്നു

 കരാർ തുക: 41.22 കോടി.