പത്തനാപുരം: ഇന്ന് ഗാന്ധിഭവനിൽ ആദിവാസികളുടെ സമൂഹവിവാഹം നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന സമൂഹവിവാഹത്തിന് വനിതാകമ്മിഷൻ അംഗം ഡോ. ഷാഹിദാ കമാൽ നേതൃത്വം നൽകും. പത്തനംതിട്ട ജില്ലയിൽ പെരുനാട് പഞ്ചായത്തിലെ ളാഹ മഞ്ഞത്തോട് ആദിവാസി ഊരിലെ ശശീന്ദ്രൻ-സരിത, മധു-സുശീല, മനോജ്-സുനിത എന്നിവരുടെ വിവാഹം നേരത്തേ നിശ്ചയിച്ചിരുന്നെങ്കിലും നടത്താനുള്ള സാമ്പത്തിക സാഹചര്യം ഇല്ലാത്തതിനാൽ ഊരുമൂപ്പനും സാമൂഹ്യപ്രവർത്തകരും ചേർന്ന് ഗാന്ധിഭവനിൽ അറിയിച്ചതോടെയാണ് ഗാന്ധിഭവൻ ഈ ചുമതല ഏറ്റെടുത്തതെന്ന് ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ പറഞ്ഞു. താലിമാല, വരണമാല്യം, വിവാഹവസ്ത്രം, സദ്യ, സമ്മാനങ്ങൾ, യാത്രാചെലവ് എന്നിവ ഗാന്ധിഭവനാണ് വഹിക്കുന്നത്. വിവാഹാവശ്യങ്ങൾക്കുള്ള തുക വാഗ്ദാനം ചെയ്തിരിക്കുന്നത് പ്രവാസി സംരംഭകനും കോന്നി സേവാകേന്ദ്രം ചെയർമാനുമായ സി.എസ്. മോഹനനാണ്. നൂറിലധികം ആദിവാസി കുടുംബാംഗങ്ങൾ ചടങ്ങിൽ പങ്കെടുക്കാനെത്തും. ഒരു മാസം മുമ്പ് അഞ്ച് ആദിവാസി യുവതികളുടെ വിവാഹം ഗാന്ധിഭവന്റെ ആഭിമുഖ്യത്തിൽ മഞ്ഞത്തോട് ആദിവാസി ഊരിൽ വച്ച് നടത്തിയിരുന്നു.