ലക്ഷങ്ങൾ മുടക്കിയ മാലിന്യസംസ്കരണ പദ്ധതികൾ ഉപേക്ഷിച്ചു
അഞ്ചൽ: അഞ്ചൽ പട്ടണത്തിലെത്തുന്ന ആരും ഒന്ന് മൂക്ക് പൊത്തിപ്പോകും. അത്രയ്ക്കുണ്ട് മാലിന്യത്തിന്റെ അസഹനീയമായ നാറ്റം. പട്ടണം മമുഴുവൻ മാലിന്യം കൊണ്ട് മൂടിയിരിക്കുകയാണ്. ധാരാളം സർക്കാർ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും ഒക്കെയുള്ള അഞ്ചലിൽ ആയിരക്കണക്കിന് ആളുകളാണ് ദിനം പ്രതി വന്നുപോകുന്നത്. അഞ്ചലിലെ ബസ് സ്റ്റോപ്പുകളിലാണ് കൂടുതലായും മാലിന്യം തള്ളിയിരിക്കുന്നത്. അഞ്ചലിൽ നിന്ന് കുളത്തൂപ്പുഴ, പുനലൂർ, ആയൂർ തുടങ്ങിയ പ്രദേശങ്ങളിലേയ്ക്കുള്ള ബസ് സ്റ്റോപ്പുകളിലും മാലിന്യ കൂമ്പാരമാണ് കാണാനാവുക. ഈ കൂമ്പാരങ്ങളിൽ ചത്ത എലികളെയും മറ്റും കാണാം.
ടൗണിൽ കൊതുകിന്റെ ശല്യം വർദ്ധിച്ചിരിക്കുകയാണ്. മുൻ കാലങ്ങളിൽ കാലവർഷത്തോടനുബന്ധിച്ച് പകർച്ച വ്യാധികൾ മൂലം ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെട്ടതും അഞ്ചലിലാണ്. കാലവർഷം ശക്തമാകുന്നതോടെ പകർച്ചവ്യാധികൾ വർദ്ധിക്കാനുള്ള സാദ്ധ്യതയുമുണ്ട്.
നടപടിയെടുക്കാതെ പഞ്ചായത്ത് അധികൃതർ
മാലിന്യം നീക്കം ചെയ്യാൻ യാതൊരു നടപടിയും ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. മാലിന്യ സംസ്കരണത്തിനായി അഞ്ചൽ തഴമേലിൽ ലക്ഷങ്ങൾ മുടക്കി സ്ഥലം വാങ്ങിയെങ്കിലും നാട്ടുകാർ എതിർക്കുന്നുവെന്ന് പറഞ്ഞ് പിന്നീട് യാതൊരു നടപടിയും സ്വീകരിച്ചില്ല. തുടർന്ന് തൃശൂർ കേന്ദ്രമായ ചീരൻസ് മയൂര എന്ന കമ്പിനിയ്ക്ക് അഞ്ചൽ മാർക്കറ്റിന് സമീപം മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ പത്ത് ലക്ഷം രൂപ നൽകി കരാർ ഉണ്ടാക്കി ഇവിടെയും നാട്ടുകാരുടെ എതിർപ്പിന്റെ പേര് പറഞ്ഞ് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് മാലിന്യ ചീരൻസ് മയൂരയുമായി കോടതി വ്യവഹാരം ഉണ്ടാവുകയും പദ്ധതിയിൽ നിന്ന് പഞ്ചായത്ത് പിന്നോട്ട് പോവുകയും ചെയ്തു. എന്നാൽ ഇതിനുവേണ്ടി മുടക്കിയ പണവും നഷ്ടപ്പെട്ടു.
ടൗണിൽ കുന്നുകൂടിയിട്ടുളള മാലിന്യം നീക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികളാണ് ഗ്രാമപഞ്ചായത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ പഞ്ചായത്ത് അധികൃതർ പുറംതിരിഞ്ഞ സമീപനമാണ് സ്വീകരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ടൗണിലെ മാലിന്യ പ്രശ്നം ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽ പെട്ടിട്ടും അവരും ഈ കാര്യത്തിൽ നടപടിയെടുക്കുന്നില്ല.
ആരോഗ്യ വകുപ്പും ഉണർന്ന് പ്രവർത്തിക്കണം:
അഞ്ചൽ ടൗണിൽ മാലിന്യം കൂമ്പാരമാകുന്നത് പകർച്ചവ്യാധികൾ വർദ്ധിക്കാൻ ഇടയാക്കും. പലപ്പോഴും പകർച്ചവ്യാധികൾ കൂടുതൽ ദുരന്തങ്ങൾ ഉണ്ടാക്കിയിട്ടുളള മേഖലയാണ് അഞ്ചൽ. പഞ്ചായത്തും ആരോഗ്യവകുപ്പും ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ ഇനിയും അത് ആവർത്തിക്കാൻ സാദ്ധ്യതയുണ്ട്.
എ.എസ്. അജിത്ത് ലാൽ (ജില്ലാകമ്മിറ്റി മെമ്പർ ഗുരുദേവ സ്റ്റഡി സർക്കിൾ)
അഴിമതിയ്ക്ക് വഴിയൊരുക്കുന്നു
മാലിന്യം ടൗണിൽ കുന്നുകൂടിയിട്ടും അത് നീക്കം ചെയ്യുന്നതിന് യാതൊരു നടപടിയും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. പലപ്പോഴും മാലിന്യ നീക്കം ചെയ്യുന്നതിന് അടിയന്തര കമ്മിറ്റി വിളിച്ചുകൂട്ടി , തുക അനുവദിച്ച് പിന്നീട് അഴിമതി നടത്തുന്നതിനുള്ള വഴിയൊരുക്കുകയുമാണ് പഞ്ചായത്ത് അധികൃതർ ചെയ്യുന്നത്. ഇത്തരത്തിൽ അനുവദിക്കുന്ന തുക ഫലപ്രദമായി ചെലവാക്കിയാൽ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയും.
വലിയവിള വേണു (മുൻ അഞ്ചൽ ഗ്രാമപഞ്ചായത്ത് മെമ്പർ)