 
ഓടനാവട്ടം: ഓടനാവട്ടത്ത് ലോട്ടറി ടിക്കറ്റുകൾ വിറ്റ് ഉപജീവനം നടത്തിയിരുന്ന അംഗപരിമിതനായ രാജേന്ദ്രന്റെ പക്കൽ നിന്ന് കഴിഞ്ഞ 25ന് ആണ് അപരിചിതനായ ഓട്ടോഡ്രൈവർ വില്പനക്കുള്ള ലോട്ടറി ടിക്കറ്റുകൾ തട്ടിയെടുത്തത്. വെളിയത്ത് ലോട്ടറി വില്പന കേന്ദ്രത്തിൽ നിന്ന് ടിക്കറ്റുകൾ കടമായി വാങ്ങി വെളിയം മുതൽ ഓടനാവട്ടം വരെ നടന്നു കച്ചവടം നടത്തുന്നതാണ് രാജേന്ദ്രന്റെ പതിവ്. വൈകിട്ട് ഉടമയ്ക്ക് കണക്കു നൽകി മിച്ചം ലഭിക്കുന്ന തുച്ഛമായ കമ്മിഷനായിരുന്നു ഉപജീവനം. സംഭവ ദിവസം 3000 രൂപക്കുള്ള ടിക്കറ്റുകൾ കടമെടുത്ത് നടന്നു വരുന്ന വഴി ഓടനാവട്ടം ഓഡിറ്റോറിയതിന് സമീപം വച്ച് ഒരു ഓട്ടോക്കാരൻ ടിക്കറ്റുകൾ കൈക്കലാക്കുകയായിരുന്നു.
സംഭവം അറിഞ്ഞ, പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു പ്രവാസി കഴിഞ്ഞദിവസം 3000 രൂപയും ഒരു മൊബൈൽ ഫോണും പൂയപ്പള്ളി പൊലീസ് മുഖേന രാജേന്ദ്രന് സമ്മാനിച്ചു. ലോട്ടറി വില്പന പുനഃരാരംഭിക്കാൻ സഹായിച്ചു. രാജേന്ദ്രനെ വിളിച്ചുവരുത്തി എസ്.ഐ എ. ആർ. അഭിലാഷ് സഹായം രാജേന്ദ്രന് കൈമാറി. പ്രതിയെ കണ്ടുപിടിക്കാനുള്ള അന്വേഷണം ശക്തമാക്കുമെന്ന് പൊലീസ് പറഞ്ഞു. പുനലൂർ സ്വദേശിയായ രാജേന്ദ്രൻ പക്ഷാഘാതത്തെ തുടർന്ന് ദീർഘനാൾ ചികിത്സയിലായിരുന്നു. അസുഖം ഭേദമായതോടെ വെളിയം ആദർശ് ഭവനിൽ ബന്ധുവിനൊപ്പമാണ് താമസം.