കൊല്ലം: ജില്ലയിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഒന്നാം ക്ലാസുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ മുൻ വർഷങ്ങളിലേതിനേക്കാൾ വൻ വർദ്ധന. സ്വകാര്യ സ്കൂളുകളിൽ നിന്നും മാറി അഞ്ച് എട്ട് ക്ലാസുകളിലേക്കും കൂടുതൽ കുട്ടികൾ എത്തിയിട്ടുണ്ട്.

ഇത്തവണ ഒന്നാം ക്ലാസിൽ ഏകദേശം 770 വിദ്യാർത്ഥികളുടെ വർദ്ധനവാണ് ജില്ലയിലുണ്ടായത്. സ്കൂളുകളിൽ നിന്നുള്ള കണക്കെടുപ്പ് പൂർത്തിയായെങ്കിലും ചില തിരുത്തലുകൾ വരുന്നതിനാൽ അന്തിമമായിട്ടില്ല. ഒരാഴ്ചയ്ക്കുള്ളിൽ കൃത്യമായ കണക്ക് പുറത്ത് വരും. കഴിഞ്ഞ അഞ്ച് വർഷമായി പൊതുവിദ്യാലയങ്ങളിൽ പുതുതായി പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ക്രമമായ വർദ്ധനവ് ഉണ്ടാകുന്നുണ്ട്. എന്നാൽ കഴിഞ്ഞ രണ്ട് അദ്ധ്യയന വർഷക്കാലം കൊവിഡ് നിയന്ത്രണങ്ങൾ നിലനിന്നതിനാൽ വർദ്ധനവിന്റെ തോതിൽ കുറവുണ്ടായിരുന്നു. ഇത്തവണ നേരിട്ടുള്ള ക്ലാസുകൾ ആരംഭിച്ചതോടെ കൂടുതൽ കുട്ടികൾ പൊതുവിദ്യാലയങ്ങളിലേക്ക് എത്തുകയായിരുന്നു. പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളിലും പഠനനിലവാരത്തിലും ഉണ്ടായ മാറ്റമാണ് വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കാൻ കാരണമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു.

അദ്ധ്യയന വർഷം, പൊതുവിദ്യാലയങ്ങളിലെ ഒന്നാം ക്ലാസ് പ്രവേശനം

17-18- 13707

18-19- 15084

19-20- 14532

20-21- 14230

21-22- 15550