
കൊല്ലം: ലോക ഭക്ഷ്യ സുരക്ഷാ വാരാചരണത്തോടനുബന്ധിച്ച് കൊല്ലം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ ജില്ലയിലെ ഹോട്ടൽ ഉടമകൾക്കായി ക്വിലോൺ അത്‌ലറ്റിക് ക്ലബ് ഹാളിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
പരിശോധനകളിൽ കാണുന്ന പൊതുന്യൂനതകൾ എങ്ങനെ പരിഹരിക്കാമെന്നത് സംബന്ധിച്ച് ഭക്ഷ്യ സുരക്ഷാ അസി. കമ്മിഷണർ എസ്. അജി സംസാരിച്ചു. ഹോട്ടലുകളിൽ ഹൈജീൻ റോട്ടിംഗ് സർട്ടിഫിക്കറ്റ് നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും ഉപയോഗിച്ച എണ്ണ സുരക്ഷിത മാർഗത്തിലൂടെ നീക്കം ചെയ്യുന്ന റീപർപ്പസ് യൂസ് കുക്കിംഗ് ഓയിൽ പദ്ധതിയെ സംബന്ധിച്ചും ക്ലാസിൽ വിശദീകരിച്ചു.
ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ പിന്തുണ നൽകുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായ കെ.എച്ച്.ആർ.എ ജില്ലാ പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു.
ഹോട്ടലുകളിൽ സ്വീകരിക്കേണ്ട മുൻകരുതൽ സംബന്ധിച്ച് കരുനാഗപ്പള്ളി ഭക്ഷ്യസുരക്ഷാ ഓഫീസർ എ. അനീഷ ക്ലാസെടുത്തു. ഷവർമ്മ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമായി എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെ സംബന്ധിച്ചും, മത്സ്യം, മാംസം എന്നിവ സൂക്ഷിക്കേണ്ട ശാസ്ത്രീയ രീതികളെ സംബന്ധിച്ചും ക്ലാസിൽ വിശദീകരിച്ചു.