സുദീർഘമായ കലാ ജീവിതത്തിനും അദ്ധ്യാപക വൃത്തിക്കുമൊടുവിൽ കർഷകശ്രീയിലെത്തിനിൽക്കുന്ന കൊട്ടാരക്കര രവി എന്ന കാഥികൻ തികച്ചും സംതൃപ്തനാണ്. സ്കൂൾ വിദ്യാഭ്യാസ കാലത്ത് കഥാപ്രസംഗം ഇഷ്ടപ്പെട്ടിരുന്ന രവി അദ്ധ്യാപക ജോലിക്കിടെ കഥാപ്രസംഗത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആയിരത്തിലധികം വേദികളിൽ കഥ അവതരിപ്പിച്ചിട്ടുണ്ട്.

1954ൽ കൊട്ടാരക്കര ഗവ. ബോയ്സ് ഹൈസ്കൂളിൽ പഠിക്കുമ്പോൾ അന്നത്തെ പ്രഥമാദ്ധ്യാപകനായിരുന്ന ജോൺ.എം.ജോൺ ഏറെ നിർബന്ധിച്ചാണ് കഥ പറയാൻ പ്രേരിപ്പിച്ചത്. തുടർന്ന് പ്രീ യൂണിവേഴ്സിറ്റിക്കും ഡിഗ്രിക്കും കൊല്ലം ശ്രീനാരായണ കോളജിൽ പഠിക്കുമ്പോൾ പുതുശേരി രാമചന്ദ്രൻ, ഡോ.വെള്ളായണി അർജുനൻ, കിളമാനൂർ രമാകാന്തൻ എന്നീ സാഹിത്യ പ്രതിഭകളുടെ പ്രേരണയിൽ കോളേജിലെ യൂത്ത് ഫെസ്റ്റിവലിൽ മത്സരിച്ച് കഥാപ്രസംഗത്തിന് ഒന്നാം സ്ഥാനം നേടി.

1957ൽ ഡിഗ്രി പാസായശേഷം കൊട്ടാരക്കരയിലെ ജനതാ കോളേജിൽ ബയോളജി അദ്ധ്യാപകനായി.1960ൽ ബി.എഡിനു ശേഷം വാളകം ആർ.വി.എച്ച്.എസ്, വെട്ടിക്കവല ഗവ.എച്ച്.എസ്, പട്ടാഴി ഗവ. എച്ച്.എസ് എന്നിവിടങ്ങളിൽ താത്കാലിക അദ്ധ്യാപകനായി ജോലി ചെയ്തു. 1965 മുതൽ 95 വരെ ആവണീശ്വരം എ.പി.പി.എം എച്ച്.എസിൽ അദ്ധ്യാപകനും തുടർന്ന് പ്രഥമാദ്ധ്യാപകനുമായി.

ഉത്സവ പറമ്പുകളിൽ കഥപറഞ്ഞ്...

നിറഞ്ഞുനിന്നിരുന്ന കാലത്ത് പ്രസിദ്ധ കാഥികരായ വി. സാംബശിവൻ, കെടാമംഗലം സദാനന്ദൻ, കടവൂർ ബാലൻ, വി. ഹർഷകുമാർ, കടയ്ക്കോട് വിശ്വംഭരൻ, പാറശാല തങ്കപ്പൻ തുടങ്ങിയ മഹാരഥന്മാർക്കൊപ്പം അവരുടെ സമകാലികനാകാൻ കഴിഞ്ഞുവെന്നത് ഇന്നും അഭിമാനം നൽകുന്നു. മഹാനടൻ കൊട്ടാരക്കര ശ്രീധരൻനായർ കേരളകൗമുദി പത്രത്തിലൂടെ കലാകേരളത്തിന് പരിചയപ്പെടുത്തിയത് കഥാപ്രസംഗ ജീവിതത്തിൽ അവിസ്മരണീയമായി. നാട്ടുകാരുടെ നിർലോഭമായ പ്രോത്സാഹനം കലാ ജീവിതത്തിന്റെ തിളക്കം വർദ്ധിപ്പിച്ചു. താമരത്തോണി, വത്സല, ചണ്ഡാലഭിക്ഷുകി, വിശ്വസാഹിത്യത്തിലെ എമിലിസോള തുടങ്ങിയ കഥകൾ ആയിരത്തി അഞ്ഞൂറോളം വേദികളിൽ അവതരിപ്പിച്ചു.

കഥാപ്രസംഗത്തിന് വേദികൾ കുറഞ്ഞതോടെ കാഥികനായ കൊട്ടാരക്കര രവി തിരുവനന്തപുരം ദർശന എന്ന പേരിൽ നാടക സമിതിക്ക് രൂപം നൽകി. ഫ്രാൻസിസ്.ടി.മാവേലിക്കരയുടെ ദ ഹോസ്പിറ്റൽ എന്ന ആദ്യ നാടകം തന്നെ കലാകേരളം കൈയടിയോടെ ഏറ്റുവാങ്ങി. പിന്നീട് ദിനേശ് പള്ളത്തിന്റെ ദൈവകാരുണ്യം എന്ന നാടകം 1500ലധികം വേദികളിൽ അവതരിപ്പിച്ചു.

പതിനെട്ടുവർഷത്തോളം ദർശന തിയേറ്റർ രംഗത്ത് നിറഞ്ഞുനിന്നു. ഇതിനെല്ലാം പ്രേത്സാഹനവും പ്രേരണയുമായി ഭാര്യ സരസ്വതിഅമ്മ ഒപ്പമുണ്ടായിരുന്നു. പ്രായമേറിയപ്പോൾ നാടക സമിതിക്കും തിരശീലവീണു.

ഇപ്പോൾ പ്രണയം മണ്ണിനോട്

ചടയമംഗലം കൃഷിഭവനുമായി ചേർന്ന് ഭാര്യയ്ക്കൊപ്പം സ്വന്തം

പറമ്പിൽ വാണിജ്യാടിസ്ഥാനത്തിൽ ജൈവ പച്ചക്കറി കൃഷി നടത്തുന്നു. ചീര, പയർ, വെണ്ട, പാവയ്ക്ക, കോവയ്ക്ക, പടവലം, പച്ചമുളക് തുടങ്ങിയവയാണ് പ്രധാന കൃഷി. സാമ്പത്തിക ലാഭത്തേക്കാൾ മാനസികവും ശാരീരികവുമായ സന്തോഷമാണ് ആഗ്രഹിക്കുന്നത്. കൃഷിയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് ചാരിറ്റി പ്രവർത്തനങ്ങൾക്കും മാറ്റിവയ്ക്കുന്നു.