ഓടനാവട്ടം : പരുത്തിയിറ - പുല്ലാഞ്ഞിക്കാട് റോഡിലൂടെയുള്ള യാത്രാ ദുരിതത്തിന് രണ്ട് വർഷമായി പരിഹാരമില്ല. റോഡ് നവീകരണത്തിന് കേന്ദ്രഫണ്ട് അനുവദിച്ചിട്ടുണ്ടെിലും അധികൃതരുടെ ഭാഗത്തുനിന്ന് തുടർനടപടികളുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. ആരാധനാലയങ്ങളും സ്കൂളുകളുമൊക്കെയുള്ള പ്രദേശത്താണ് കാൽനടയ്ക്ക്പോലും ഉപകാരപ്പെടാത്ത രീതിയിൽ റോഡ് തകർന്ന് കിടക്കുന്നത്. മെറ്റലിളകി നാശമായി കിടക്കുന്ന റോഡിലൂടെ വാഹനങ്ങൾ കടന്ന് പോകുന്നതും അതിസാഹസികമായിട്ടാണ്. മഴയായാൽ പിന്നെ റോഡ് തോടാകും. കുണ്ടുംകുഴിയും നിറഞ്ഞ റോഡിൽ അപകടങ്ങളും വർദ്ധിക്കും. പരുത്തിയിറ റോഡിന്റെ തന്നെ ഭാഗമായ കളപ്പില -മത്തായിമുക്ക് ഭാഗങ്ങളിലും റോഡിന്റെ സ്ഥിതി വളരെ പരിതാപകരമാണ്. ഇത്രയധികം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന റോഡിന്റെ ദുരിതാവസ്ഥയ്ക്ക് പരിഹാരം കാണാൻ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
കോടികൾ അനുവദിച്ചിട്ടും നടപടിയില്ല
നാട്ടുകാരുടെയും രാക്ഷ്ട്രീയ -സാംസ്‌കാരിക സംഘടനകളുടെയും ആവശ്യപ്രകാരം പ്രധാനമന്ത്രിയുടെ പി.എം.ജി എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി എം .പി ഫണ്ടിലൂടെ റോഡിന് നിർമ്മാണ അനുമതി കിട്ടിയിട്ട് ഒരുവർഷം കഴിയുന്നു. 2.46കോടി രൂപയാണ് അനുവദിച്ചത്. 2021 ജനുവരി 25ന് ടെൻഡർ നോട്ടിഫിക്കേഷനും നൽകി. എന്നാൽ ഇന്നുവരെ തുടർ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. തുക ക്വാട്ട് ചെയ്ത കോൺട്രാക്ടർ ചില സാങ്കേതിക കാരണങ്ങളാൽ തുടർ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം. അനുവദിച്ചു കിട്ടിയ എം. പി ഫണ്ട് കാലഹരണപ്പെടും മുമ്പ് റോഡിന്റെ ശോചനീയാവസ്ഥ മാറ്റാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ അപേക്ഷ.
ഈ റോഡിന്റെ പലഭാഗങ്ങളും പൊളിഞ്ഞ് നാശമായിട്ട് വർഷങ്ങൾ കഴിയുന്നു. കോൺട്രാക്ട് എടുത്തയാൾ എഗ്രിമെന്റ് വച്ചിട്ടില്ല. ടാറിന്റെയും മറ്റും മാർക്കറ്റ് വില ദിനംപ്രതി വർദ്ധിക്കുന്നതാണ് കാരണം. അതുകൊണ്ട് കോൺട്രാക്ടർ 20ശതമാനം കൂട്ടി റീ ക്വട്ടേഷൻ നല്കിയെന്നാണ് വിവരം. അതിനുള്ള അനുവാദത്തിനായി അദ്ദേഹം അധികൃതരെ സമീപിച്ചിരിക്കുകയാണ്. അനുവാദം കിട്ടിയാൽ പുതിയ എഗ്രിമെന്റ് വച്ച് പണി തുടങ്ങാനാവും.
എസ്. രാജു,ഗവ. കോൺട്രാക്ടർ
ദേവസൂര്യ, പരുത്തിയിറ.
റോഡ് നവീകരണത്തിന് കേന്ദ്ര ഫണ്ട് അനുവദിച്ചിട്ട് നാളുകൾ ഏറെയായി. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ എസ്റ്റിമേറ്റ് എടുക്കും. ബോർഡും വയ്ക്കും. പിന്നെ ഒരു നടപടിയും ഉണ്ടാകുന്നില്ല. 10വർഷമായി സ്‌ട്രോക് വന്ന് ചികിത്സയിൽ കഴിയുന്ന ഞാൻ വളരെ ബുദ്ധിമുട്ടിയാണ് ഈ റോഡിലൂടെ യാത്ര ചെയ്യുന്നത്. ഈ യാത്രാ ദുരിതത്തിന് പരിഹാരം വേണം.
എൻ. സദാശിവൻ, റിട്ട. പോസ്റ്റൽ സൂപ്രണ്ട്. (പ്രദേശവാസി )