 
കരുനാഗപ്പള്ളി : പഴമക്കാർ ചുമടിറക്കിവച്ച് വിശ്രമിച്ചിരുന്ന ചുമടുതാങ്ങികൾ ചിലയിടങ്ങളിൽ മാത്രം ഇപ്പോഴും നശിക്കാതെ ബാക്കിയുണ്ട്. കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ കൊച്ചുമാംമൂട് ജംഗ്ഷനിലുമുണ്ട് കാലത്തിന്റെ ആ ശേഷിപ്പ്. പക്ഷേ ആരാലും ശ്രദ്ധിക്കപ്പെടാതെയും സംരക്ഷിക്കപ്പെടാതെയും കാടുകയറി കിടക്കുകയാണെന്ന് മാത്രം. പുതിയ തലമുറക്ക് ചുമടുതാങ്ങി ഒരു കൗതുക വസ്തുവായി മാറുകയാണ്. ഇതേ കുറിച്ച് പഴമക്കാരോട് ചോദിച്ച് മനസിലാക്കാൻ തുടങ്ങിയതോടെയാണ് ചുമട് താങ്ങികൾ വീണ്ടും ശ്രദ്ധാ കേന്ദ്രങ്ങളായി മാറുന്നത്. നാട് പലവിധ വികസനങ്ങളിലേക്ക് കുതിക്കുന്ന ഈ കാലഘട്ടത്തിൽ പഴമയുടെ ചരിത്രം പേറുന്ന ചുമടുതാങ്ങികൾ സംരക്ഷിക്കണം. അതിനായി ഗ്രാമപഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് നടപടിവേണമെന്നാണ് പ്രദേശത്തെ ഒരുകൂട്ടം യുവാക്കളുടെ ആവശ്യം.
വിശ്രമിക്കാനൊരിടം
അര നൂറ്രാണ്ട് മുമ്പ് വരെ തുറയിൽക്കടവ് കരുനാഗപ്പള്ളിയിലെ പ്രധാന വ്യവസായ കേന്ദ്രങ്ങളിൽ ഒന്നായിരുന്നു. കൊല്ലം, ആലപ്പുഴ ഭാഗങ്ങളിൽ നിന്ന് കെട്ടു വള്ളങ്ങളിൽ കൊണ്ട് വരുന്ന സാധനങ്ങൾ തുറയിൽക്കടവിലാണ് ഇറക്കിയിരുന്നത്. ഇവിടെ നിന്ന് തലച്ചുമടായും കാളവണ്ടികളിലുമാണ് സാധനങ്ങൾ കരുനാഗപ്പള്ളിയുടെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപൊയിരുന്നത്. കൊച്ചുമാംമൂട് അന്നൊരു പ്രധാന കവലയായിരുന്നു. ചുമടുമായി വരുന്നവർ ഇവിടെയുള്ള ചുമട് താങ്ങിയിൽ പരസഹായം കൂടാതെ ചുമടുകൾ ഇറക്കി വെച്ച് , ചായയോ മോരു വെള്ളമോ കുടിച്ച് ക്ഷീണം അകറ്റിയ ശേഷമാണ് യാത്ര തുടരുന്നത്. രണ്ട് കരിങ്കൽ തൂണുകളിലാണ് 4 മീറ്ററോളം നീളം വരുന്ന കരിങ്കൽ ഇരിപ്പിടം സ്ഥാപിച്ചിരിക്കുന്നത്. വർഷങ്ങളായി ഈ ചുമട് താങ്ങി സംരക്ഷണമില്ലാതെ കിടക്കുകയാണ്.
അത്താണിയെന്നും പേര്
രാജ ഭരണ കാലത്ത് ചരക്കുകൾ തലച്ചുമടായി കൊണ്ടു പോകുന്നവർക്ക് ഇടക്ക് ചുമടിറക്കി വച്ച് വിശ്രമിക്കുന്നതിനായി പാതയോരങ്ങളിൽ നാട്ടി നിറുത്തിയിരുന്ന വലിയ കരിങ്കല്ലുകളെയാണ് ചുമടുതാങ്ങി അഥവാ അത്താണി എന്നു പറയുന്നത്. ഏകദേശം 5-6 അടി ഉയരത്തിൽ ലംബമായി നാട്ടിയിട്ടുള്ള രണ്ട് കല്ലുകൾക്ക് മുകളിൽ തിരശ്ചീനമായി മറ്റൊരു കല്ല് വച്ചാണ് ഇവ നിർമ്മിക്കുന്നത്. പരസഹായം കൂടാതെ ചുമടിറക്കി വയ്ക്കാനുള്ള ഉപാധിയായിരുന്നു ഇത്. വാഹന, റെയിൽ ഗതാഗതങ്ങൾ നിലവിൽ വന്നപ്പോൾ ചുമടുതാങ്ങികൾ വഴിയോരങ്ങളിൽ നിന്ന് അപ്രത്യക്ഷമായി.