
പടിഞ്ഞാറേകല്ലട: ഇറ്റലിയിൽ നടക്കുന്ന ലോക ശ്വാസകോശ രോഗ സമ്മേളനത്തിലേക്ക് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് പ്രബന്ധാവതരണത്തിന് ക്ഷണം. മൺറോത്തുരുത്ത് സ്വദേശിയും ആലപ്പുഴ ജനറൽ ആശുപത്രി ശ്വാസകോശരോഗ വിഭാഗം മേധാവിയും ആരോഗ്യവകുപ്പ് ചീഫ് കൺസൾട്ടന്റു മായ ഡോ. കെ.വേണുഗോപാൽ, ഭാര്യയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശിശുവിഭാഗം പ്രൊഫസറുമായ ഡോ. പി.ആർ. ശ്രീലത, മകളും ഭുവനേശ്വർ എയിംസിലെ ഇന്റേണുമായ ഡോ. ഗോപിക വേണുഗോപാൽ എന്നിവരാണ് അമേരിക്കൻ കോളേജ് ഒഫ് ചെസ്റ്റ് ഫിസിഷ്യൻ വാർഷിക സമ്മേളനത്തോടനുബന്ധിച്ച് 27 മുതൽ 29 വരെ ഇറ്റലിയിലെ ബ്ലോഗനായിൽ നടക്കുന്ന സമ്മേളനത്തിൽ നാല് പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നത്.
മകൻ ഗോപീകൃഷ്ണ ഇറ്റലിയിൽ ആർക്കിടെക്ചർ ഉപരി പഠനം നടത്തുകയാണ്. കൊല്ലം മൺറോത്തുരുത്ത് മംഗലത്ത് വീട്ടിൽ പരേതരായ കുഞ്ഞുപിള്ള - അമ്മുക്കുട്ടി അദ്ധ്യാപക ദമ്പതികളുടെ മകനാണ് ഡോ. കെ. വേണുഗോപാൽ. ഡോ. പി.ആർ. ശ്രീലത കൊല്ലം മരുത്തടി ശ്രീകൃഷ്ണ ഭവനിൽ പൊന്നമ്മ - രവീന്ദ്രൻ ദമ്പതികളുടെ മകളാണ്. ആലപ്പുഴ ചന്ദനക്കാവ് ശ്രീമംഗലത്താണ് ഇവർ താമസിക്കുന്നത്.