p

കൊല്ലം: പ്രകൃതി ദുരന്തങ്ങളുണ്ടാകുന്ന സ്ഥലങ്ങളിലെ കാലാവസ്ഥാവ്യതിയാനം സ്‌കൂളുകളിൽ സ്ഥാപിക്കുന്ന വെതർ സ്റ്റേഷനുകൾ വഴി മുൻകൂട്ടി അറിയാമെന്ന് മന്ത്രി വി. ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന കേരള സ്‌കൂൾ വെതർ സ്റ്റേഷന്റെ സംസ്ഥാനതല ഉദ്ഘാടനം

കടയ്‌ക്കൽ ഡോ. വയലാവാസുദേവൻ പിള്ള മെമ്മോറിയൽ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ആദ്യമായാണ് പൊതുവിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വെതർ സ്റ്റേഷൻ സ്ഥാപിക്കുന്നത്. സംസ്ഥാനത്ത് 240 സ്‌കൂളുകളിൽ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കും. മഴമാപിനി, തെർമോമീറ്ററുകൾ, വെറ്റ് ആൻഡ് ഡ്രൈ ബൾബ് തെർമോമീറ്റർ എന്നിങ്ങനെ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് ഇവിടെയുമുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി ജെ. ചിഞ്ചു റാണി അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അമൃത, സമഗ്ര ശിക്ഷാ കേരളം ഡയറക്‌ടർ എ. ആർ.സുപ്രിയ, പൊതുവിദ്യാഭ്യാസ വകുപ്പ് അസി. ഡയറക്‌ടർ (വി.എച്ച്.എസ്.ഇ) ഒ.എസ്. ചിത്ര, സ്‌കൂൾ പ്രിൻസിപ്പൽ എസ്. ഡി.ഷീജ എന്നിവർ പങ്കെടുത്തു.