photo-
ഗാന്ധിഭവനിൽ ആദിവാസി ഊരിലെ ശശീന്ദ്രൻ-സരിത, മധു-സുശീല, മനോജ്-സുനിത എന്നിവരുടെ വിവാഹം.

പത്തനാപുരം: കാടിന്റെ മക്കളുടെ വിവാഹത്തിന് വേദിയായി ഗാന്ധിഭവൻ. പത്തനംതിട്ട ളാഹ മഞ്ഞത്തോട് ആദിവാസി ഊരിലെ ശശീന്ദ്രൻ-സരിത, മധു-സുശീല, മനോജ്-സുനിത എന്നിവരുടെ വിവാഹമാണ് ഗാന്ധിഭവനിൽ നടന്നത്.
ഊരുമൂപ്പനും കുടുംബവും ഉൾപ്പെടെ ഊരിൽ നിന്ന് നിരവധി പേരാണ് വിവാഹചടങ്ങിനായി ഗാന്ധിഭവനിലെത്തിയത്.
സാമ്പത്തിക സാഹചര്യമില്ലാത്തതിനാൽ ഊരുമൂപ്പനും സാമൂഹ്യപ്രവർത്തകരും ഗാന്ധിഭവനോട് സഹായം അഭ്യർത്ഥിച്ചതിനാലാണ് അച്ഛനമ്മമാരും കുഞ്ഞുങ്ങളും ഉൾപ്പെടെ ആയിരത്തിലധികം കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ വിവാഹം നടന്നത്. ഗാന്ധിഭവൻ കുടുംബാംഗങ്ങളെയും സേവനപ്രവർത്തകരെയും മഞ്ഞത്തോട് ഊര് നിവാസികളെയും സാക്ഷിനിറുത്തി ഗാന്ധിഭവൻ സെക്രട്ടറിയും സംസ്ഥാന ഓർഫനേജ് കൺട്രോൾ മെമ്പറുമായ ഡോ. പുനലൂർ സോമരാജൻ വധൂവരന്മാരെ കൈപിടിച്ച് നൽകി.
ചടങ്ങിൽ അദ്ധ്യക്ഷയായ കേരള വനിതാ കമ്മിഷൻ അംഗം ഡോ. ഷാഹിദാ കമാലും ഗാന്ധിഭവൻ ട്രസ്റ്റി പ്രസന്നാ രാജനും വിവാഹചടങ്ങുകൾക്ക് നേതൃത്വം നൽകി. പ്രവാസി സംരംഭകനും കോന്നി സേവാകേന്ദ്രം പ്രസിഡന്റുമായ സി.എസ്. മോഹനനാണ് വിവാഹത്തിനാവശ്യമായ ചെലവുകൾ വഹിച്ചത്.
ഗാന്ധിഭവൻ ഭാരവാഹികളായ പി.എസ്. അമൽരാജ്, ജി. ഭുവനചന്ദ്രൻ, വിജയൻ ആമ്പാടി, കെ. ഉദയകുമാർ, വിൻസെന്റ് ഡാനിയേൽ, കെ. സാബു, അനിൽകുമാർ, ഊര് മൂപ്പൻ രാജു, ശബരിമല വാർഡ് മെമ്പർ മഞ്ജു പ്രമോദ്, പി.കെ. കുഞ്ഞുമോൾ, ഷീജാ ഹരീഷ്, രജനി, സൂസമ്മ തോമസ്, സി.ഡി.എസ് മെമ്പർ എൻ.കെ. ലത, പൊതുപ്രവർത്തക ജയശ്രീ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.