 
കുന്നത്തൂർ : മൈനാഗപ്പള്ളി വേങ്ങയിലെ ആറാട്ട് കുളം വീണ്ടും പായൽക്കുളമായി. ലക്ഷങ്ങൾ ചെലവിട്ട നവീകരണം ഫലം കണ്ടില്ല. കുളത്തിൽ പായലും കുളവാഴകളും നിറഞ്ഞിരിക്കുകയാണ്. വർഷങ്ങളായി ഉപയോഗിക്കാതെ കിടന്ന കുളത്തിൽ പായലും കുളവാഴകളും നിറഞ്ഞത് കൂടാതെ മാലിന്യം തള്ളാനുള്ളയിടമായി മാറിയിരുന്നു. പ്രദേശവാസികളുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് കുളം വൃത്തിയാക്കാൻ മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് തയ്യാറായത്. പത്ത് ലക്ഷം രൂപയാണ് കുളം നവീകരണത്തിന് നീക്കിവച്ചത്. പായലും കുളവാഴകളും നീക്കം ചെയ്ത്, വെള്ളം വറ്റിച്ച് , ചെളി നീക്കം ചെയ്യുകയും വശങ്ങളിലെ കെട്ടുകൾ ഉയർത്തി കെട്ടുകയും മാലിന്യം തള്ളാൻ കഴിയാത്ത തരത്തിൽ കുളത്തിന് ചുറ്റും വേലിയും സ്ഥാപിച്ചു. ഭാവിയിൽ ആവശ്യമെങ്കിൽ കുളം നീന്തൽ പരിശീലന കേന്ദ്രമാക്കുന്ന തരത്തിലുള്ള നവീകരണമാണ് ലക്ഷ്യമിടുന്നതെന്നാണ് പഞ്ചായത്ത് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ ഇതിനിടയിലാണ് കുളം വീണ്ടും പഴയ അവസ്ഥയിലായത്.