bus
റോഡപകടം

കൊല്ലം: ചവറ ടൈ​റ്റാനിയം ജംഗ്ഷൻ മുതൽ നീണ്ടകര പാലം വരെയുള്ള 8.5 കിലോമീറ്റർ ദേശീയപാതയിലുണ്ടായ റോഡപകടങ്ങളിൽ ഒരുവർഷത്തിനിടെ 13 പേർക്കാണ് ജീവഹാനി സംഭവിച്ചത്. ഇതിനെത്തുടർന്ന് ഈ ഭാഗത്ത് അപകടം കുറയ്ക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുജിത്ത് വിജയൻപിള്ള എം.എൽ.എ, ദേശീയപാത എക്സിക്യുട്ടീവ് എൻജിനീയർ, ചവറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് മോട്ടോർവാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം കത്തുനൽകി.

ഒരുവർഷത്തിനിടെയുണ്ടായ അപകടങ്ങളിൽ 30 ലധികം പേർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നതും,​ കഴിഞ്ഞ മാസം മാത്രം ആറ് പേരാണ് ഇവിടെ മരിച്ചതെന്നതും കാര്യങ്ങളെ കൂടുതൽ ഗൗരവമുള്ളതാക്കുന്നു. ഇതിൽ മൂന്ന് പേരുടെ മരണത്തിന് കാരണം കെ.എസ്.ആർ.ടി.സി ബസാണെന്നും മോട്ടോർ വാഹനവകുപ്പ് പറയുന്നു.

അപകട കാരണങ്ങൾ

1. 90 ശതമാനം അപകടങ്ങൾക്കും കാരണം രാത്രികാല ഹെവി വാഹനങ്ങൾ.

2. റോഡിലെ വെളിച്ചക്കുറവ് ഡ്രൈവർമാരുടെ വ്യക്തമായ കാഴ്ചയെ മറയിക്കുന്നു.

3.ഹൈമാസ്റ്റ് ലൈ​റ്റുകളിൽ ഭൂരിപക്ഷവും പ്രവർത്തനക്ഷമമല്ല, ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വൈദ്യുത തൂണുകൾ മാ​റ്റിയതും വെളിച്ചക്കുറവിന് കാരണമാകുന്നു.

4. റോഡിന്റെ ഇരുവശവും രണ്ടടിയിൽ കൂടുതൽ മണ്ണെടുത്തു മാ​റ്റിയത് ഇരുചക്രവാഹനങ്ങളെ അപകടത്തിലാക്കുന്നു.

5. ക്രോസ് ജംഗ്ഷനുകളിൽ വാഹനങ്ങൾ തിരിയുന്നതിനുള്ള സ്ഥല കുറവ്.

6. ഉപറോഡുകളുടെ ഉയരവ്യത്യാസം.

7. ട്രാഫിക് സിഗ്‌നൽ സംവിധാനം, സ്പീഡ് ബേക്കറുകൾ, അപകട സാധ്യത മുന്നറിയിപ്പ് ബോർഡുകൾ ഇല്ല.

മോട്ടോർ വാഹന വകുപ്പ്

നിർദ്ദേശങ്ങൾ

1. ദേശീയപാത വികസനം പുരോഗമിക്കുന്നതിനാൽ സ്ഥിരമായ തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ കഴിയാത്തതിനാൽ താത്കാലിക സൗരോർജ്ജ സ്ട്രീ​റ്റ് ലൈ​റ്റുകൾ സ്ഥാപിക്കണം.

2. റോഡരിക് വ്യക്തമാക്കുന്ന എഡ്ജ് ലൈൻ വരയ്ക്കേണ്ടതും, റെട്രോ റിഫ്ളക്ടീവ് സ്​റ്റഡുകൾ, റോഡ് വേ ഇൻഡിക്കേ​റ്ററുകൾ എന്നിവ സ്ഥാപിക്കണം.

3. മുന്നിൽ അപകട വളവുകളുണ്ടെന്ന് മനസിലാക്കാൻ റോഡിന്റെ ഇരുവശത്തും ഷെവറോൺ കർവ് സൈൻ വേണം.

4. ചെറുറോഡുകൾ ചേരുന്നിടത്ത് സ്​റ്റോപ്പ് സൈനും, സ്​റ്റോപ്പ് ലൈൻ കൺട്രോൾ ബോർഡും സ്ഥാപിക്കണം.

5. സ്‌കൂൾ കുട്ടികളുടെ സുരക്ഷക്ക് ട്രാഫിക് വാർഡന്മാരെ നിയോഗിക്കണം.

ടൈ​റ്റാനിയം ജംഗ്ഷൻ - നീണ്ടകര

പാലം (ദേശീയപാത 66)

ദൂരം: 8.5 കി.മീറ്റർ

ഒരുവർഷത്തിനിടെ അപകടങ്ങൾ: 100 ലധികം

മരണം: 13

ചികിത്സയിലുള്ളവർ: 30 ലധികം

ഒരു മാസത്തിനിടെ അപകടമരണം : 06

'' അപകടങ്ങൾ കുറയ്ക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുന്നതിനായി ദേശീയപാതാ വിഭാഗവുമായി ബന്ധപ്പെട്ടിട്ടുണ്ട്. നടപടികൾ വേഗത്തിലാക്കാൻ താലൂക്ക് തല പ്രോജക്ട് മാനേജർക്ക് നിർദ്ദേശം നൽകും."- ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ